ലോകസഭയില്‍ കൈക്കൂലി വാങ്ങി ചോദ്യം ചോദിച്ചെന്ന ആരോപണക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ റിപ്പോര്‍ട്ട് ലോക്സഭാ എത്തിക്സ് കമ്മിറ്റി അംഗീകരിച്ചു. എത്തിക്സ് പാനലിലെ ആറ് അംഗങ്ങള്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചപ്പോള്‍ നാല് അംഗങ്ങള്‍ എതിര്‍ത്തുവെന്ന് പാനല്‍ മേധാവി വിനോദ് സോങ്കര്‍ പറഞ്ഞു.
അപരാജിത സാരംഗി, രാജ്ദീപ് റോയ്, സുമേദാനന്ദ് സരസ്വതി, പ്രണീത് കൗര്‍, വിനോദ് സോങ്കര്‍, ഹേമന്ത് ഗോഡ്സെ എന്നിവര്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചപ്പോള്‍, ഡാനിഷ് അലി, വി വൈത്തിലിംഗം, പിആര്‍ നടരാജന്‍, ഗിരിധാരി യാദവ് എന്നീ അംഗങ്ങള്‍ എതിര്‍ത്തു.
മഹുവ മൊയ്ത്ര, ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായി എന്നിവരുടെ ഭാഗങ്ങള്‍ ബിജെപി എംപി വിനോദ് കുമാര്‍ സോങ്കര്‍ അധ്യക്ഷനായ സമിതി നേരത്തെ കേട്ടിരുന്നു. മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് കരട് റിപ്പോര്‍ട്ടില്‍ സമിതി ശുപാര്‍ശ ചെയ്തിരിന്നുവെന്നും കൈക്കൂലി ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണത്തോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. ഇത് സംബന്ധിച്ച് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കത്ത്. അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചതിന് ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് അനിഷേധ്യമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു ദേഹാദ്രായിയുടെ അവകാശവാദം.
എന്നാല്‍ ഈ ആരോപണങ്ങള്‍ മൊയ്ത്ര നിഷേധിച്ചു. ‘ലോക്സഭാ അംഗമെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ സ്വീകരിച്ചുവെന്ന ആരോപണങ്ങള്‍ അപകീര്‍ത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അവര്‍ പറഞ്ഞു. കൂടാതെ ദുബെയ്ക്കും ദേഹാദ്രായിക്കുമെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.
ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് പകരമായി മൊയ്ത്ര ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലിയും ആനുകൂല്യങ്ങളും വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപിച്ചത്. പണം, ആഡംബര വസ്തുക്കള്‍, ബംഗ്ലാവിന്റെ നവീകരണം, യാത്രാ ചെലവുകള്‍ എന്നിവ ഹിരാനന്ദാനിയില്‍ നിന്ന് കൈപ്പറ്റിയതായും ആരോപണം ഉയര്‍ന്നിരുന്നു. 
ഹെര്‍മിസ് സ്‌കാര്‍ഫ്, ബോബി ബ്രൗണ്‍ മേക്കപ്പ്, ഉപയോഗത്തിനായി കാര്‍ എന്നിവയുള്‍പ്പെടെ മഹുവ മൊയ്ത്രയ്ക്ക് ഹിരാനന്ദാനി പാരിതോഷികങ്ങള്‍ നല്‍കിയതായി എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മാനങ്ങള്‍ സ്വീകരിച്ചതായും, ഹിരാനന്ദാനിയുടെ കാര്‍ ഉപയോഗിച്ചതായും മൊയ്ത്ര തന്നെ സമ്മതിച്ചിട്ടുണ്ട്.
ഐടി മന്ത്രാലയം എത്തിക്സ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മൊയ്ത്രയുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഐപി വിലാസം ഒന്ന് തന്നെയായിരുന്നു. 2019 ജനുവരി 1നും 2023 സെപ്റ്റംബര്‍ 30നും ഇടയില്‍ ടിഎംസി എംപി നാല് തവണ ദുബായ് സന്ദര്‍ശിച്ചിരുന്നുവെങ്കിലും അവരുടെ ലോക്സഭാ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ 47 തവണ അവിടെ നിന്ന് ഉപയോഗിച്ചതിനാല്‍ ഇത് ആശങ്ക ഉയര്‍ത്തുന്നു.
പല രേഖകളും പൊതുമധ്യത്തില്‍ ലഭ്യമല്ലെന്ന് എത്തിക്സ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അംഗങ്ങളുടെ പരിഗണനയ്ക്കായി മുന്‍കൂട്ടി വിതരണം ചെയ്യുന്ന കരട് ബില്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അത്തരം സുപ്രധാന രേഖകളുടെ ചോര്‍ച്ചയുടെ സാധ്യതയിലേക്ക് നയിക്കുന്നു, ഇത് രാജ്യസുരക്ഷയ്ക്ക് ഹാനികരമായി എതിരാളികള്‍ ചൂഷണം ചെയ്യാമെന്നാണ് വിലയിരുത്തല്‍.
നവംബര്‍ 2ന് നടന്ന അവസാന യോഗത്തില്‍ കമ്മിറ്റി ചെയര്‍മാനെതിരെ ആക്ഷേപം ഉന്നയിച്ചതിന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംപി ഡാനിഷ് അലിയ്ക്കെതിരെ കമ്മിറ്റി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
നവംബര്‍ 2ന് നടന്ന യോഗത്തില്‍, പാനലിന് മുമ്പാകെ ഹാജരായ മൊയ്ത്ര എതിര്‍പ്പറിയിച്ച് പ്രതിപക്ഷ അംഗങ്ങളുമായി ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാനല്‍ ചെയര്‍മാനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ സോങ്കര്‍ തന്നോട് വൃത്തികെട്ടതും വ്യക്തിപരമായതുമായ ചോദ്യങ്ങള്‍ ചോദിച്ചതായി മഹുവ ആരോപിച്ചിരുന്നു. യോഗത്തില്‍ സംഭവിച്ചത് വസ്ത്രാക്ഷേപമാണ് സംഭവിച്ചതെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.
കരട് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ എത്തിക്സ് കമ്മിറ്റി ഇന്ന് ചേരുന്ന സാഹചര്യത്തില്‍ പാനലിലെ പ്രതിപക്ഷ എംപിമാര്‍ വിയോജന കുറിപ്പ് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് എംപി ഉത്തം റെഡ്ഡിയും ഇതില്‍ ഉള്‍പ്പെടുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *