പാലക്കാട്: കെഎസ്ഇബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിൽ ലൈബ്രറി ആരംഭിച്ചു. ഭരണഭാഷ വാരാഘോഷങ്ങളുടെ തുടർച്ചയായി വായനയെ പ്രോത്സാഹിപ്പിക്കുകയും ജീവനക്കാരുടെ സർഗ്ഗാത്മത വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചാണ് ഇവിടെ ലൈബ്രറി ആരംഭിച്ചത്.
ഇതോടെ മറ്റു മേഖലകൾ എന്ന പോലെ സാഹിത്യ സാംസ്കാരിക രംഗത്തു ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ നടത്തുന്ന കേരളത്തിലെ ആദ്യത്തെ വൈദ്യുതി കാര്യാലയമെന്ന ഖ്യാതിയിൽ പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ.കെ ബൈജു ആദ്യ പുസ്തകം സീനിയർ അസിസ്റ്റന്റ് ചന്ദ്രികക്ക് നൽകി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിന്ദു പി കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർമാരായ മുരളീധരൻ, അനൂപ്, ഉഷ, ജ്യോതി, അസിസ്റ്റന്റ് എഞ്ചിനീയർ അനീഷ്ജലീൽ, സീനിയർ സുപ്രണ്ടുമാരായ കൃഷ്ണകുമാരി, ശരത്, ഷറീഫ്, സീനിയർ അസിസ്റ്റന്റ് ദീപ കെ.എ എന്നിവർ സംസാരിച്ചു.
സീനിയർ അസിസ്റ്റന്റുമാരായ ചന്ദ്രിക സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. വൈദ്യുഭവനിൽ പ്രവർത്തിക്കുന്ന ഡിവിഷൻ സർക്കിൾ ഓഫീസുകളിലേയും സബ്ബ് ഡിവിഷൻ ഓഫിസിലേയും സുൽത്താൻപേട്ട ബിഗ്ഗ് ബസാർ സെക്ഷൻ ഓഫീസുകളിലെയും റീജണൽ സ്റ്റോറിലേയും ഓഡിറ്റ് ഓഫീസിലേയും ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്ന പൊതുജനങ്ങൾക്കുമായാണ് ഈ ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്.
സർക്കിൾ ഓഫിസിലെ സീനിയർ അസിസ്റ്റന്റ് ചന്ദ്രികയാണ് ലൈബ്രറിയൻ.