പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ ബിജെപി നേതാവിനെ തൂങ്ങി മരിച്ച് നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ബിജെപി നേതാവ് ശുഭദീപ് മിശ്രയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശുഭദീപ് മിശ്രയുടെ കൊലപാതകത്തിന് പിന്നിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അംഗങ്ങൾക്ക് പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി രം​ഗത്തെത്തിയിട്ടുണ്ട്. 
ശുഭദീപ് മിശ്ര ഈ വർഷം ആദ്യം ബിജെപിക്ക് വേണ്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഏഴ് ദിവസം മുമ്പാണ് ശുഭദീപ് വീട് വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതെന്നാണ് വിവരം. ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. അദ്ദേഹത്തിന്റെ കൈകൾ തുണികൊണ്ട് കെട്ടിയ നിലയിലായിരുന്നു. എന്നാൽ ഒരു സ്ത്രീയുമായി ശുഭദീപിന് അവിഹിത ബന്ധമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് പിന്നിൽ സ്ത്രീയുടെ കുടുംബാംഗങ്ങളാകാമെന്നും നാട്ടുകാർ ആരോപിച്ചു. 
അതേസമയം, യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധിക്കുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. ശുഭദീപിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നാണ് ബിജെപിയുടെ ആരോപണം. “ടിഎംസി ഗുണ്ടകൾ ശുഭദീപ് മിശ്രയെ കൊലപ്പെടുത്തി കൈകൾ കെട്ടി മരത്തിൽ കെട്ടിത്തൂക്കിയിരിക്കുകയാണ്” എക്‌സിലൂടെ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. 
“അദ്ദേഹത്തിന് വർദ്ധിച്ചുവരുന്ന ജനപ്രീതിയും അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ നിലപാടിലും ടിഎംസി കള്ളന്മാർക്കും ​ഗുണ്ടകൾക്കും ദഹിക്കാനാവാത്തതിനാൽ ശുഭദീപ് കൊല്ലപ്പെട്ടു”-സുവേന്ദു അധികാരി ആരോപിച്ചു. “യൂണിഫോമിലുള്ള ടിഎംസി സംഘമാണ് അവർ അല്ലാതെ മറ്റൊന്നുമല്ല” ലോക്കൽ പോലീസിനെ വിമർശിച്ചുകൊണ്ട് സുവേന്ദു അധികാരി പറഞ്ഞു. “രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിനും ഭരണകക്ഷിയായ ടിഎംസി പാർട്ടിയിൽപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും പോലീസ് പരമാവധി ശ്രമിക്കുമെന്നതിനാൽ ഞാൻ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു,” -സുവേന്ദു അധികാരി കൂട്ടിച്ചേർത്തു. അതിനിടെ ശുഭദീപുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *