സാവോപോളോ: ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറുടെ കുടുംബത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാമുകി ബ്രൂണോ ബിയാൻകാർഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്. സാവോപോളോയിലെ വസതിയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
വീട്ടിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച കൊള്ളസംഘം ബ്രൂണോയുടെ മാതാപിതാക്കളെ കെട്ടിയിട്ട ശേഷമാണ് വീട് കൊള്ളയടിച്ചത്. അക്രമി സംഘം ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് വീട്ടിൽ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം. കൊള്ളസംഘം എത്തിയ സമയം ബ്രൂണോ കുഞ്ഞിനെയും കൊണ്ട് പുറത്ത് പോയതിനാൽ അക്രമികളുടെ കൈകളിൽപ്പെടാതെ രക്ഷപ്പെട്ടു.
വീട്ടിൽ നിന്ന് ഉച്ചത്തിലുള്ള അലാറം ശബ്ദം ഉയരാൻ തുടങ്ങിയതോടെ അയൽവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് സ്ഥലത്തെത്തിയ പോലീസ് കൊള്ളസംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു.