പൂനെ – ഏതാണ്ട് ഒരു മാസത്തെ ഇടവേളക്കു ശേഷം ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ജയം. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്റിനോട് തോറ്റ ശേഷം ബംഗ്ലാദേശിനെ കീഴടക്കി അവര്‍ പ്രതീക്ഷ വീണ്ടെടുത്തിരുന്നു. അതിനു ശേഷം അഞ്ചു കളികളും തോറ്റ ഇംഗ്ലണ്ട് ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം നെതര്‍ലാന്റ്‌സിനെ കീഴടക്കി വാലറ്റത്തു നിന്ന് കരകയറി. ഒക്ടോബര്‍ പത്തിനായിരുന്നു ഇതുവരെ ഇംഗ്ലണ്ടിന്റെ ഏക ജയം. സ്‌കോര്‍: ഇംഗ്ലണ്ട് ഒമ്പതിന് 339, നെതര്‍ലാന്റ്‌സ് 37.2 ഓവറില്‍ 179.
നെതര്‍ലാന്റ്‌സിനെതിരെ മധ്യനിര തകര്‍ന്ന ശേഷം സെഞ്ചുറിയോടെ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. അഞ്ച് സിക്‌സറോടെ 78 പന്തിലാണ് സ്റ്റോക്‌സിന്റെ കന്നി ലോകകപ്പ സെഞ്ചുറി (84 പന്തില്‍ 108). തുടക്കം മുതല്‍ ഇഴഞ്ഞ നെതര്‍ലാന്റ്‌സിന് ഒരു ഘട്ടത്തിലും പ്രതീക്ഷയുണ്ടായിരുന്നില്ല. മാക്‌സ് ഓദൗദിനെ (5) ക്രിസ് വോക്‌സും കോളിന്‍ അക്കര്‍മാനെയും (0) സൈബ്രാന്റ് എംഗല്‍ബ്രെറ്റിനെയും (33) ഡേവിഡ് വിലിയും പുറത്താക്കിയ ശേഷം സ്പിന്നര്‍മാരായ മുഈനലിയും (8.2-0-42-3) ആദില്‍ റഷീദും (8-0-54-3) ഡച്ചിനെ ചുരുട്ടിക്കെട്ടി. അഞ്ചിന് 166 ലെത്തിയ ശേഷം 13 റണ്‍സെടുക്കുന്നതിനിടയില്‍ അവര്‍ ഓളൗട്ടായി.
ഓള്‍റൗണ്ടര്‍മാരായ സ്‌റ്റോക്‌സും വോക്‌സും (45 പന്തില്‍ 51) 13.2 ഓവറില്‍ നേടിയ 129 റണ്‍സ് കൂട്ടുകെട്ടാണ് 300 കടക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. ഓപണര്‍ ഡേവിഡ് മലാനും (74 പന്തില്‍ 87) അര്‍ധ ശതകം നേടി. ഓപണര്‍ ജോണി ബെയര്‍സ്‌റ്റൊ (15), ജോ റൂട്ട് (28), ഹാരി ബ്രൂക്ക് (11), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (5), മുഈന്‍അലി (4) എന്നിവരെല്ലാം പരാജയപ്പെട്ടിരുന്നു.
2023 November 8Kalikkalamtitle_en: Cricket World Cup 2023 – England v Netherlands