ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് അഭിഭാഷകനായ അനില്‍കുമാര്‍ സിംഗാണ് പരാതി നല്‍കിയത്. പരാതിയില്‍ നവംബര്‍ 25 ന് വാദം കേള്‍ക്കും.
ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വിദ്യാസമ്പന്നയായ സ്ത്രീക്ക് ലൈംഗിക ബന്ധത്തില്‍ ഭര്‍ത്താവിനെ നിയന്ത്രിക്കാനാകുമെന്നുമായിരുന്നു നിതീഷ് കുമാര്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന. സംഭവം വിവാദമായതിനെ തുടര്‍ന്ന് നിതീഷ് കുമാര്‍ ക്ഷമാപണം നടത്തി. 
‘എന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നു. എന്റെ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖാനിക്കപ്പെട്ടു. ഞാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചാണ് സംസാരിച്ചത്. എന്റെ പ്രസ്താവനകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’.- അദ്ദേഹം പറഞ്ഞു. 
എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ മുന്‍ സഖ്യകക്ഷിയും ഇപ്പോള്‍ പ്രതിപക്ഷവുമായ ബിജെപി രംഗത്ത് വന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ബി-ഗ്രേഡ് സിനിമകളെ അനുസ്മരിപ്പിക്കുന്നതാണെന്ന് പറഞ്ഞു. നിതീഷ് കുമാറിന് മാനസിക സ്ഥിരത നഷ്ടപ്പെട്ടുവെന്ന് കേന്ദ്രമന്ത്രിയും ബീഹാറിലെ ഉജിയാര്‍പൂരില്‍ നിന്നുള്ള ലോക്സഭാ എംപിയുമായ നിത്യാനന്ദ് റായ് പറഞ്ഞു. അദ്ദേഹത്തെ അനുകൂലിച്ച തേജസ്വി യാദവിനെയും റായ് വിമര്‍ശിച്ചു.
‘സ്ത്രീകളെ കുറിച്ച് അദ്ദേഹം സംസാരിച്ച രീതി പ്രതിഷേധാര്‍ഹമാണ്. തേജസ്വി യാദവിന്റെ പ്രസ്താവനയും പ്രതിഷേധാര്‍ഹമാണ്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.’- റായ് പറഞ്ഞു. നിതീഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ബിഹാര്‍ നിയമസഭാ സ്പീക്കറോട് ദേശീയ വനിതാ കമ്മീഷനും (എന്‍സിഡബ്ല്യു) ആവശ്യപ്പെട്ടു. 
‘സ്ത്രീകളോട് അങ്ങേയറ്റം അനാദരവ് കാണിക്കുന്ന, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികള്‍ നടത്തുന്ന ഇത്തരം അപകീര്‍ത്തികരവും അശ്ലീലവുമായ പ്രസ്താവനള്‍ക്കെതിരെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.’- ബിഹാര്‍ നിയമസഭാ സ്പീക്കര്‍ അവധ് ബിഹാരി ചൗധരിക്ക് അയച്ച കത്തില്‍ എന്‍സിഡബ്ല്യു വ്യക്തമാക്കി.
അതേസമയം, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവി നിതീഷ് കുമാറിനെ അനുകൂലിച്ചു. ‘ഇത് നാക്ക് പിഴയാണ് ഇതിനകം തന്നെ അദ്ദേഹം മാപ്പ് പറഞ്ഞിട്ടുണ്ട് പിന്നെ എന്താണ് ഈ ബഹളത്തിന്റെ ആവശ്യം? നിയമസഭ തുടരണം.’- റാബ്റി ദേവി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *