കൊച്ചി: കേരളം ആസ്ഥാനമായ എയ്സ് വെയര്‍ ഫിന്‍ടെക്ക് സര്‍വീസസ് ലിമിറ്റഡിന്റെ (എയ്‌സ്‌മണി) ഭൂരിപക്ഷ ഓഹരികള്‍ റേഡിയന്റ് കാശ് മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡ് (ആര്‍സിഎംഎസ്) വാങ്ങുന്നു. ഇടപാടിന് ആര്‍സിഎംഎസ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. 
ധാരണ പ്രകാരം എയ്സ്മണിയുടെ 57 ശതമാനം ഓഹരികള്‍ ആര്‍സിഎംഎസ് സ്വന്തമാക്കും. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, കോഓപറേറ്റീവ് ബാങ്കുകള്‍, ഗ്രാമീണ മേഖലകളിലെ കോഓപറേറ്റീവ് സൊസൈറ്റികള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സമഗ്ര ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളാണ് എയ്‌സ്‌മണി നല്‍കി വരുന്നത്. 
എയ്‌സ്‌മണിയുടെ വൈദഗ്ധ്യവും ഡിജിറ്റല്‍ ശേഷിയും പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ബാങ്കിങ് രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് ആര്‍സിഎംഎസ്. ചെറുപട്ടണങ്ങളിലെ ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധന പ്രയോജനപ്പെടുത്തി, കാഷ് സേവനങ്ങളും ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും സംയോജിപ്പിച്ച് നൂതന ഫിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുകയാണ് ആര്‍സിഎംഎസ് ലക്ഷ്യം.
ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജിമ്മിന്‍ ജെയിംസ് കുരിച്ചിയില്‍, നിമിഷ ജെ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് 2020ല്‍ കൊച്ചിയില്‍ തുടക്കമിട്ട ഫിന്‍ടെക്ക് സംരഭമാണ് കൊച്ചി ആസ്ഥാനമായ എയ്‌സ്‌മണി. ആര്‍സിഎംഎസ് ഏറ്റെടുക്കലിനു ശേഷവും ഇരുവരും കമ്പനിയുടെ പ്രധാന ന്യൂനപക്ഷ ഓഹരി ഉടമകളായി തുടരും. കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്യും. 
ആര്‍സിഎംഎസിന്റെ ഭാവി വളര്‍ച്ചാ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ പങ്കാളിയാണ് എയ്‌സ്‌മണി എന്ന് ആര്‍സിഎംസ് മാനേജിങ് ഡയറക്ടര്‍ കേണല്‍. ഡേവിഡ് ദേവസഹായം പറഞ്ഞു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ വളര്‍ച്ച മുതലെടുക്കാന്‍ തങ്ങള്‍ക്ക് അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഇനിയും ഉപയോഗപ്പെടുത്താത്ത ഒരു ലക്ഷത്തോളം ഗ്രാമീണ സഹകരണ സംഘങ്ങള്‍ ഇന്ത്യയിലുടനീളമുണ്ട്. സമീപ കാലത്തായി 40 കോടിയോളം പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ തുറന്നിട്ടുണ്ടെങ്കിലും വലിയൊരു ശതമാനവും ഇപ്പോഴും ഡിജിറ്റല്‍ ബാങ്കിങിലേക്ക് മാറിട്ടില്ല.
രാജ്യത്തുടനീളം ഗ്രാമീണ മേഖലകളിലുള്ള ആര്‍സിഎംഎസ് ശൃംഖല വഴി എയ്‌സ്‌മണിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഇവരിലെത്തിക്കുകയും വളര്‍ച്ചയുടെ പുതിയ വാതായനങ്ങള്‍ തുറക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 
എയ്‌സ്‌മണിയുടെ മൈക്രോ എടിഎം, റീട്ടെയില്‍ ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍, കോഓപറേറ്റീവ് ബാങ്കുകളുടേയും സൊസൈറ്റികളുടേയും റീട്ടെയില്‍ കാഷ് മാനേജ്മെന്റ്, വോലറ്റ് സര്‍വീസ് എന്നിവ കൂടുതല്‍ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
രാജ്യത്തുടനീളം ഗ്രാമീണ മേഖലയില്‍ സാന്നിധ്യവും ശക്തമായ ശൃംഖലയുമുള്ള ആര്‍സിഎംഎസിന്റെ ഉപഭോക്താക്കള്‍ എയ്‌സ്‌മണിക്ക് ഏറ്റവും അനുയോജ്യരായ ഗുണഭോക്താക്കളാണ്. ഞങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇവരിലെത്തിക്കാന്‍ ആര്‍സിഎംഎസുമായി കൈകോര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ കൂട്ടുകെട്ടിലൂടെ കരുത്തുറ്റ വളര്‍ച്ചയും ലാഭക്ഷമയുമാണ് പ്രതീക്ഷിക്കുന്നത്, എയ്സ്മണി സ്ഥാപകന്‍ ജിമ്മിന്‍ ജെയിംസ് കുരിച്ചിയില്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *