സെമിഫൈനല്‍
ഇന്ത്യ x ന്യൂസിലാന്റ്/അഫ്ഗാനിസ്ഥാന്‍/പാക്കിസ്ഥാന്‍
ദക്ഷിണാഫ്രിക്കxഓസ്‌ട്രേലിയ
ന്യൂദല്‍ഹി – ലോകകപ്പില്‍ സെമി ഫൈനലിലെ അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി മൂന്നു ടീമുകളുടെ പോരാട്ടം. കൂടാതെ അടുത്ത ചാമ്പ്യന്‍സ് ലീഗിലെ അവശേഷിക്കുന്ന രണ്ട് ബെര്‍ത്തിനായി നാല് ടീമുകളും മത്സരിക്കുന്നുണ്ട്. 
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് സെമിഫൈനലുറപ്പിച്ചത്. ന്യൂസിലാന്റും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും അവശേഷിച്ച സ്ഥാനത്തിനായി മത്സരിക്കുന്നു. അവസാന ലീഗ് മത്സരങ്ങള്‍ ന്യൂസിലാന്റ്-ശ്രീലങ്ക (വ്യാഴം), അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്ക (വെള്ളി), പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് (ശനി) എന്നിങ്ങനെയാണ്. അഫ്ഗാനിസ്ഥാനെ അദ്ഭുതകരമായി ഓസ്‌ട്രേലിയ തോല്‍പിച്ചത് പാക്കിസ്ഥാനും ന്യൂസിലാന്റിനുമാണ് ഏറെ ആശ്വാസം പകര്‍ന്നത്.  
ന്യൂസിലാന്റിന് മഴ ഭീഷണി
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും റണ്ണേഴ്‌സ്അപ്പായ ന്യൂസിലാന്റിന് ഇന്ന് ശ്രീലങ്കയെ തോല്‍പിച്ചാല്‍ മിക്കവാറും സെമിയുറപ്പാക്കാം. അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന്‍ തോറ്റാലേ അവരുടെ കാര്യം ഭദ്രമാവൂ. ആദ്യ നാലു കളികളും ജയിച്ച് മുന്നിലുണ്ടായിരുന്ന് അവര്‍ തുടര്‍ച്ചയായ നാലു കളികള്‍ തോറ്റ ക്ഷീണത്തിലാണ്. മാത്രമല്ല ബംഗളൂരുവിലെ ഇന്നത്തെ കളി മഴ തടസ്സപ്പെടുത്താന്‍ സാധ്യതയേറെയാണ്. പോയന്റ് പങ്കുവെക്കേണ്ടി വരികയാണെങ്കില്‍ അവരുടെ കഥ കഴിയും. ബംഗളൂരുവില്‍ തന്നെ നടന്ന പാക്കിസ്ഥാനെതിരായ കളിയില്‍ 401 റണ്‍സടിച്ചിട്ടും അവര്‍ തോറ്റിരുന്നു. അന്ന് മഴ വില്ലനായി. പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയുംകാള്‍ റണ്‍റെയ്റ്റുണ്ട് എന്നത് ന്യൂസിലാന്റിന് മുന്‍തൂക്കം നല്‍കുന്നു. 
പാക്കിസ്ഥാന് കണക്കറിയാം
പാക്കിസ്ഥാന്റെ പ്രധാന ഗുണം അവരുടെ കളി ശനിയാഴ്ചയാണെന്നതാണ്. ന്യൂസിലാന്റും അഫ്ഗാനിസ്ഥാനും തോല്‍ക്കുകയാണെങ്കില്‍ സെമിയിലെത്താന്‍ എത്ര റണ്‍ റെയ്റ്റ് വേണമെന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ചിത്രമുണ്ടാവും. എന്നാല്‍ ശ്രീലങ്കക്കെതിരെ ന്യൂസിലാന്റ് ജയിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിനെങ്കിലും പാക്കിസ്ഥാന്‍ തോല്‍പിക്കേണ്ടി വരും. 
മോശം റണ്‍റെയ്റ്റ്
ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയെയും അട്ടിമറിച്ച അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയെയും വീഴ്ത്തിയാലേ സെമിയിലെത്താനാവൂ. മൂന്നു ടീമുകളും അവസാന മത്സരം ജയിച്ചാല്‍ റണ്‍റെയ്റ്റാവും സെമി സ്ഥാനം നിര്‍ണയിക്കുക. മൂന്നു ടീമുകളില്‍ മോശം റണ്‍റെയ്റ്റ് അഫ്ഗാനിസ്ഥാന്റേതാണ്. 
ചാമ്പ്യന്‍സ് ലീഗ്
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ എട്ട് ടീമുകളാണ് 2025 ല്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുക. ആതിഥേയരായ പാക്കിസ്ഥാനു പുറമെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ന്യൂസിലാന്റും അഫ്ഗാനിസ്ഥാനും യോഗ്യത നേടിക്കഴിഞ്ഞു. ബംഗ്ലാദേശ്, ശ്രീലങ്ക, ഇംഗ്ലണ്ട്, നെതര്‍ലാന്റ്‌സ് ടീമുകളാണ് അവശേഷിച്ച രണ്ട് സ്ഥാനങ്ങള്‍ക്കായി പൊരുതുന്നത്. അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പിച്ചാലും മറ്റു ഫലങ്ങളെ ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിന്റെ സാധ്യത.
 
2023 November 8Kalikkalamtitle_en: Cricket World Cup 2023 -semi

By admin

Leave a Reply

Your email address will not be published. Required fields are marked *