മുബൈ: ലോകകപ്പിലെ അട്ടിമറികൾ തുടരുകയെന്ന അഫ്ഗാനിസ്ഥാൻ മോഹങ്ങളെ തകർത്തെറിഞ്ഞ് ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ. 292 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയെ 91/7 എന്ന നിലയിലേക്ക് ഒതുക്കിയെടുക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചുവെങ്കിലും പിന്നീട് കണ്ടത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരുന്നു.
46.5 ഓവറിൽ ഓസ്ട്രേലിയയുടെ വിജയം മാക്സ്വെൽ ഉറപ്പാക്കുമ്പോൾ താരം 128 പന്തിൽ പുറത്താകാതെ 201 റൺസാണ് നേടിയത്. 21 ബൗണ്ടറിയും പത്ത് സിക്സും അടങ്ങിയതായിരുന്നു മാക്സ്വെല്ലിന്റെ താണ്ഡവം. മറുവശത്ത് 68 പന്തിൽ വെറും 12 റൺസ് നേടി പാറ്റ് കമ്മിൻസ് ഒരു വശം കാത്ത് നിർണ്ണായക ചെറുത്ത്നില്പുയർത്തി. ക്രാംപ്സിനെ അതിജീവിച്ച് മാക്സ്വെൽ വിജയം കുറിച്ചപ്പോൾ അഫ്ഗാനിസ്ഥാന്റെ സെമി മോഹങ്ങളാണ് താരം തച്ചുടച്ചത്.
ഗ്ലെൻ മാക്സ്വെല്ലിന്റെ ക്യാച്ച് താരത്തിന്റെ സ്കോർ 33ൽ നിൽക്കുമ്പോൾ മുജീബ് വിട്ടത് അഫ്ഗാന് തിരിച്ചടിയായി മാറി. പിന്നീട് കൗണ്ടർ അറ്റാക്കിംഗിലൂടെ മാക്സ്വെൽ മത്സരം മാറ്റി മറിയ്ക്കുന്നതാണ് കണ്ടത്. അതിവേഗത്തിൽ സ്കോറിംഗ് നടത്തിയ താരം അഫ്ഗാൻ ക്യാമ്പിൽ ഭീതി പരത്തി.
76 പന്തിൽ നിന്ന് തന്റെ ശതകം മാക്സ്വെൽ പൂർത്തിയാക്കിയപ്പോൾ പാറ്റ് കമ്മിൻസ് റിസ്ക് ഇല്ലാതെ മറുവശത്ത് നിലയുറപ്പിക്കുയായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാൻ ബൗളർമാർക്കാർക്കും തന്നെ മാക്സ്വെല്ലിനെ കീഴടക്കാൻ സാധിക്കാതെ പോയപ്പോൾ പരിക്ക് താരത്തിന് ഭീഷണിയായി വന്നു.
എന്നാൽ അതിനെയും അതിജീവിച്ച് മാക്സ്വെൽ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സും ചേസിംഗും ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു. 202 റൺസാണ് മാക്സ്വെല്ലും പാറ്റ് കമ്മിൻസും എട്ടാം വിക്കറ്റിൽ നേടിയത്. അതിൽ 12 റൺസ് മാത്രമായിരുന്നു കമ്മിൻസിന്റെ സംഭാവന. അഫ്ഗാനിസ്ഥാനായി നവീൻ ഉൾ ഹക്ക്, അസ്മത്തുള്ള ഒമർസായി, റഷീദ് ഖാൻ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി. ബോർഡിൽ 100 റൺസ് പോലുമില്ലാതെ 292 റൺസ് പിന്തുടരുന്നതിനിടെ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പൂർണ്ണമായും അഫ്ഗാനിസ്ഥാന്റെ പക്ഷത്തായിരുന്നു മത്സരം. മുംബൈയിൽ മാക്‌സ്‌വെൽ അഫ്ഗാനിസ്ഥാൻ ആരാധകരെയും ക്രിക്കറ്റ് താരങ്ങളെയും അക്ഷരാർത്ഥത്തിൽ കരയിപ്പിക്കുകയായിരുന്നു
SALUTE YOU, MAXWELL 🔥 pic.twitter.com/zCWjIGP6Hc
— Johns. (@CricCrazyJohns) November 7, 2023
View this post on Instagram
A post shared by ICC (@icc)