ഷാര്‍ജ: ഫിലിപ്പ് തോമസ് ഏകോപനം നടത്തി ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകമാണ് ‘പാതിരാക്കുയിൽ ആകാശത്തേക്ക് ചൊരിയുന്ന ആയിരം ഗദ്ഗദങ്ങൾ’. മലയാളസാഹിത്യത്തിൽ മുഖ്യധാരയിൽ അടയാളപ്പെടുത്തേണ്ടുന്ന ഇരുപതിൽപ്പരം കഥകളാണ് ഈ പുസ്തകത്തിൽ.
ഷീല ടോമി, കെ.എം അബ്ബാസ്, അനിൽ ദേവസ്സി, രമേഷ് പെരുമ്പിലാവ്, അനിൽകുമാർ സി.പി, ഷീല പോൾ, സാദിഖ് കാവിൽ, സലിം അയ്യനേത്ത്, വെള്ളിയോടൻ, പ്രവീൺ പാലക്കീൽ, സബീന എം.സാലി, മനോജ് കൊടിയത്ത്, പ്രീതി രഞ്ജിത്ത്, ജോയ് ഡാനിയേൽ, ഹുസ്ന റാഫി, അനൂപ് കുമ്പനാട്, സർഗ്ഗ റോയ്, മഹേഷ് പൗലോസ്, ആഷത്ത് മുഹമ്മദ്, ഷാജി ഹനീഫ്, ഈപ്പൻ തോമസ്, ശ്രീജ സുരേഷ് തുടങ്ങിയ എഴുത്തുകാരുടെ പ്രധാന കഥകളാണ് വായനക്കാർക്കായി കാത്തിരിക്കുന്നത്.
‘ദൂരെയിരുന്ന് എഴുതുക എന്നത് തീഷ്ണമായൊരു സാധ്യതയാണ്. അവിടെ എഴുത്തുകാർക്ക് ദേശത്തിൻറെ പൊതിഞ്ഞുപിടിക്കലുകൾ ഇല്ല. എഴുതുന്ന ഓരോ വരിയിലും വാക്കിലും അത് പ്രകടമാകുന്നു’ എന്ന് പ്രസാധകർ ആമുഖമായി കുറിക്കുന്നു.
പുസ്തകത്തെപ്പറ്റി ഫിലിപ്പ് തോമസിൻറെ വാക്കുകൾ: “മലയാള ചെറുകഥയുടെ നാൾവഴിയിലൂടെ സഞ്ചരിച്ചാൽ ലോകപ്രശസ്തനായ എഴുത്തുകാരുടെ ഒപ്പം ചേർന്നുനിൽക്കാവുന്ന ധാരാളം കഥാകൃത്തുക്കളെ കൈരളി സംഭാവന നൽകിയിട്ടുണ്ട്. അതിൽത്തന്നെ എം.സുകുമാരനെപ്പോലെ മുഖ്യധാരയുടെ പുറംപൂച്ചുകളിലോ കപട രാഷ്ട്രീയ തത്വശാസ്ത്രത്തിലോ ഉൾപ്പെടാതെ സ്വയം പ്രഖ്യാപിത സ്വതന്ത്ര ചിന്തയിലൂടെ ഒറ്റപ്പെട്ടു നിൽക്കുന്ന എത്രയോ എഴുത്തുകാർ. ഒരുകൂട്ടം കഥാകൃത്തുക്കളുടെ വാഗ്മയചിത്രങ്ങളാണിവ. അവർ ലോകത്തിന്റെ ഏതുകോണിൽ ഇരുന്നായാലും കഥയുടെ ക്രാഫ്റ്റും രാഷ്ട്രീയവും മനസ്സിലാക്കുകയും അത് പൂർണ്ണതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു”.
ഫേബിയൻ ബുക്‌സ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകർ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഹരിതം ബുക്ക് സ്റ്റാളിൽ പുസ്തകം ലഭിക്കും.