ആലപ്പുഴ: ജില്ലയിലെ ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിഷയങ്ങളിൽ സത്വര ഇടപെടൽ ഉറപ്പാക്കുന്നതിനായി ജില്ല കളക്ടർ ജോൺ വി. സാമുവലിന്റെ നേതൃത്വത്തിൽ ‘ഡി.സി. അലർട്ട് ഗ്രൂപ്പ് ആലപ്പുഴ’ എന്ന വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.
പത്രങ്ങളിലോ മാധ്യമങ്ങളിലോ വരുന്നതും അല്ലാതെ ശ്രദ്ധയിൽപെടുന്നതുമായ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് രൂപവത്കരിച്ചിരിക്കുന്നത്. ജില്ലാതല ഉദ്യോഗസ്ഥരെല്ലാം ഈ ഗ്രൂപ്പിൽ അംഗമായിരിക്കും.
ഈ രീതിയിൽ ശ്രദ്ധയിൽപ്പെടുന്ന വാർത്തകൾ ജില്ല കളക്ടർ ഗ്രൂപ്പിൽ ഇടുകയും ആയത് ബന്ധപ്പെട്ട ഓഫീസർമാർക്ക് അടിയന്തരമായി പരിശോധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് നിർദേശിക്കുകയും ചെയ്യും.
വകുപ്പുതലവന്മാർ മുഖേന ബന്ധപ്പെട്ട വകുപ്പുകൾ പ്രശ്നങ്ങൾ പരിഹരിച്ച് റിപ്പോർട്ട് ലഭ്യമാക്കുന്നതിനാണ് ഗ്രൂപ്പ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഇതുവഴി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം തേടും.
ലഭിക്കുന്ന വാർത്തകൾ ഈ ഗ്രൂപ്പിൽ എന്ത് ചെയ്യണമെന്ന നിർദേശത്തോടു കൂടിയാണ് ജില്ല കളക്ടർ പോസ്റ്റ് ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് എത്രയും വേഗം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം തേടുകയാണ് വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ലക്ഷ്യമിടുന്നതെന്ന് ജില്ല കളക്ടർ അറിയിച്ചു.