നമ്മുടെ ഭരണഘടനയിൽ എഴുതിയിരിക്കുന്ന നിയമങ്ങളെല്ലാം ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. എന്നാൽ 2005ൽ പാർലമെന്റ് പാസ്സാക്കിയ വിവരാവകാശനിയമം ഒന്നുമാത്രമാണ് സർക്കാർ പാലിക്കേണ്ടതായുള്ളത്. സർക്കാർ – വകുപ്പുതലങ്ങളിലുള്ള അഴിമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നത്.
നമ്മുടെ രാജ്യത്തെ മുഖ്യധാരാമാദ്ധ്യമങ്ങളിലൊന്നും ഇത്രയേറെ പ്രാധാന്യമുള്ള ആര്‍ടിഐ ആക്ടുമായി ബന്ധപ്പെട്ട വാർത്തകളൊന്നും അധികം വരാറില്ല. അതിനുള്ള കാരണം സർക്കാർ തലത്തിൽനിന്നും അവർക്കുണ്ടായേക്കാവുന്ന എതിർപ്പുകളെ ഭയന്നുതന്നെയാകാം.
സർക്കാർ തലത്തിൽ നിന്നും വിവരങ്ങൾ ലഭിക്കാനുള്ള പൗരന്റെ അവകാശമായ ആര്‍ടിഐ ആക്ട് ഇന്ന് വളരെ പരിതാപകരമായ അവസ്ഥയിലാണുള്ളത്.
മുഖ്യ കേന്ദ്ര വിവരാവകാശ കമ്മീഷണർ (Central Chief Information Commissioner) പദവി കഴിഞ്ഞ ഒരു മാസമായി ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2023 ഒക്ടോബർ 3 ന് യശോവർധൻ സിംഗ് റാത്തോർ റിട്ടയർ ചെയ്ത ശേഷം പകരം നിയമനം നടന്നിരുന്നില്ല.
സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് പുതിയ ചീഫ് ഇന്‍ഫോര്‍മേഷന്‍ കമ്മീഷണര്‍ ആയി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഹീരാലാൽ സമരിയ നിയമിക്കപ്പെടുകയും ഇന്ന് (06/11/2023) അദ്ദേഹം ചുമതലയേൽക്കു കയും ചെയ്തു. ഇതുകൂടാതെ സെൻട്രൽ ഇൻഫർമേഷൻ കമ്മീഷനിലെ 4 കമ്മീഷണർമാർ ഇന്ന് റിട്ടയർ ചെയ്തിരിക്കുകയാണ്. അവർക്ക് പകരമുള്ള നിയമനങ്ങളും നടന്നിട്ടില്ല.
കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറും 10 കമ്മീഷണർമാരുമാണുള്ളത്. അതേപോലെതന്നെ സംസ്ഥാനങ്ങളിലും മുഖ്യ വിവരാവകാശ കമ്മീഷണറും 10 കമ്മീഷണർമാരുമുണ്ട്. ആര്‍ടിഐ അപേക്ഷ സമർപ്പിക്കുന്നവരുടെ അവസാന ആശ്രയമാണ് വിവരാവകാശ കമ്മീഷൻ.
‘എന്‍ജിഒ, സതാര്‍ക്ക് നാഗ്രിക് സംഗതന്‍’ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 6 സംസ്ഥാനങ്ങളിലെ വിവരാവകാശ കമ്മീഷനുകളിൽ മുഖ്യവിവരാവകാശ കമ്മീഷണർമാരുടെ പദവി ഒഴിഞ്ഞുകിടക്കുന്നു എന്നതാണ്. 4 സംസ്ഥാനങ്ങളിൽ വിവരാവകാശ കമ്മീഷൻ നീണ്ട കാലങ്ങളായി പ്രവർത്തിക്കുന്നതേ യില്ല. ജാർഖണ്ഡ്, ത്രിപുര, മിസോറാം ഒക്കെ ഉദാഹരണം.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ആര്‍ടിഐ നിയമത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇതൊക്കെ. അതിനുള്ള പ്രധാന കാരണം എന്തെന്നാൽ….?
ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് സർക്കാരുകൾ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. മന്ത്രിമാർക്കെതിരേവരെ ആര്‍ടിഐ നിയമപ്രകാരം ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണ് വിവരാവകാശ കമ്മീഷനുകളെ നിർവീര്യമാക്കാൻ സർക്കാരുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്ര വിവരാവകാശ കമ്മീഷനിൽ 11 കമ്മീഷണർമാർ വേണ്ടിടത്ത് 7 പദവികൾ ഒഴിഞ്ഞുകിടക്കുകയാണ്. കേവലം 4 കമ്മീഷണർമാരുമായാണ് കേന്ദ്ര കമ്മീഷൻ പ്രവർത്തിക്കുന്നത്.
2022 ഡിസംബർ 20 ന് കേന്ദ്രസർക്കാർ വിവരാവകാശ കമ്മീഷണർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുകയും 256 പേരുടെ അപേക്ഷകൾ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ 10 മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ നിയമനമൊന്നും നടത്തിയിട്ടില്ല.
കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ നിയമിക്കുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ക്യാബിനറ്റ് മന്ത്രി എന്നിവരാണ്. സംസ്ഥാനങ്ങളിൽ ഇത് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ക്യാബിനറ്റ് മന്ത്രി എന്നിവർ ചേർ ന്നാണ്.
2019 ൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ആര്‍ടിഐ നിയമഭേദഗതി ഈ നിയമത്തെ കൂടുതൽ ദുർബലമാക്കിയിരിക്കുന്നു. അതായത് 2005 ൽ ഈ നിയമം നിലവിൽ വന്നപ്പോൾ മുഖ്യ വിവരാവകാശ കമ്മീഷണറുടെയും കമ്മീഷണർ മാരുടെയും കാലാവധി 5 വർഷമായി നിശ്ചയിച്ചിരുന്നു. അതുകൂടാതെ അവരുടെ ശമ്പളം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, കമ്മിഷണർമാർ എന്നിവരുടേതിനു തുല്യമായി നിശ്ചയിക്കുകയും ചെയ്തു.
എന്നാൽ 2019 ൽ മോഡി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം ഇവരുടെ കാലാവധിയും ശമ്പളവും പെൻഷനും തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമായി.
ഇതിനുശേഷം 2023 ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമപ്രകാരം ഒരു വ്യക്തിയുമായി ബന്ധപ്പെട്ട വിവരം രാഷ്ട്രഹിതത്തിനനുകൂലമാണെന്ന് തെളിയിക്കുന്നതുവരെ അവ ആര്‍ടിഐ നിയമപ്രകാരം നൽകുക സാദ്ധ്യമല്ല എന്നതാണ്. വ്യക്തിയുടെ സമ്മതമില്ലാതെ രേഖകൾ ലഭിക്കില്ല എന്ന് സാരം.
മൂന്നുതരത്തിലാണ് വിവരാവകാശ നിയമത്തെ ദുർബലമാക്കിക്കൊണ്ടിരിക്കുന്നത്. ഒന്ന് മേല്പറഞ്ഞതുപോലുള്ള നിയമഭേദഗതികളിലൂടെ. രണ്ട്, വിവരാവകാശ പ്രവർത്തകരെ വ്യാജക്കേസുകളിൽ കുടുക്കിയും ആക്രമിച്ചും. മൂന്ന്, കമ്മീഷനുകളെ നിഷ്പ്രഭമാക്കിക്കൊണ്ട്.
ഇപ്പോഴത്തെ നിലയിൽ കമ്മീഷനുകളിൽ കേസുകൾ തീർപ്പാക്കുന്ന ശരാശരി കാലാവധി ഒരു വർഷമെന്നത് നീണ്ടു നീണ്ട് കമ്മീഷനുകൾ ശരിയായി പ്രവർത്തിക്കാതെ കേസുകൾ വര്ഷങ്ങളോളം കെട്ടിക്കിടക്കുന്ന അവസ്ഥ ഭാവിയിൽ സംജാതകയേക്കാം. സർക്കാരുകളുടെ അനാസ്ഥതന്നെയാണ് ഇതിനുള്ള കാരണം.
ആര്‍ടിഐ അപ്പീലുകൾ കമ്മീഷനുകളിൽ ഏതെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് വിവരാവകാശ നിയമത്തിൽ എവിടെയും പറയുന്നില്ല. അത് തീർപ്പാകാതെ അപേക്ഷകന് കോടതികളെ സമീപിക്കാനും കഴിയുകയില്ല.
കോമൺവെൽത്ത് ഹ്യുമൻ റൈറ്റ് ഇൻഷിയെറ്റിവ് ഡയറക്ടർ വെങ്കടേഷ് നായിക്കിന്റെ അഭിപ്രായത്തിൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ കമ്മീഷണർമാരായി നിയമിക്കപ്പെടുന്നവരുടെ മുൻകാലങ്ങളിലെ നിക്ഷ്പക്ഷവും സുതാര്യവുമായ പ്രവർത്തനങ്ങളും അവരുടെ ആര്‍ടിഐ നിയമത്തിലെ അവഗാഹവും ആണ് നിയമനവേളയിൽ കണക്കിലെടുക്കേണ്ടതെന്നാണ്.
എന്നാൽ സർക്കാരിന്റെ ‘യെസ് ബോസ് ‘ ആളുകൾക്കാണ് മിക്കപ്പോഴും ഈ പദവികൾ കിട്ടുന്നത്. പല സംസ്ഥാനങ്ങളിലും ഭരണകക്ഷിയുമായി ബന്ധപ്പെട്ട ആളുകൾ വിവരാവകാശ കമ്മീഷണർമാരായി നിയമിക്കപ്പെടുന്നു എന്നതുതന്നെ ഏറ്റവും വലിയ ഉദാഹരണം.
ലോകത്ത് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ആര്‍ടിഐ അപേക്ഷകൾ നൽകപ്പെടുന്നത്. ഒരു വർഷം 60 ലക്ഷം അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. കേന്ദ്രത്തിന്റെയും 27 സംസ്ഥാന വിവരാവകാശ കമ്മീഷനുകളുടെയും പക്കൽ 2023 ജൂൺ 30 വരെ 3.2 ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുണ്ടത്രേ.
സമയാസമയം കമ്മീഷണർമാരെയും സ്റ്റാഫിനെയും നിയമിക്കാതിരുന്നാൽ ഈ സംഖ്യ ഇനിയും വർദ്ധിക്കുകയും വളരെ സുപ്രധാനമായ റൈറ്റ് ടു ഇന്‍ഫോര്‍മേഷന്‍ ആക്ട് -2005 തന്നെ നിഷ്ക്രിയമാകുകയും ചെയ്യും.
വിവരാവകാശ പ്രവർത്തക ശ്രീമതി അഞ്ജലി ഭരദ്വാജ്
പ്രസിദ്ധ വിവരാവകാശപ്രവർത്തകയായ അഞ്ജലി ഭരദ്വാജ്, റിട്ടയേർഡ് കമാൻഡർ ലോകേഷ് ഭരദ്വാജ് എന്നിവർ, റിട്ടയർ ചെയ്യുന്ന വിവരാവകാശ കമ്മീഷണർമാർക്ക് പകരം നിയമനം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തുന്നില്ല എന്ന പരാതി സുപ്രീം കോടതിയിൽ സമർപ്പിച്ചതിന്റെ ഫലമായി ഇക്കഴിഞ്ഞ 30 നു നടന്ന സിറ്റിംഗിൽ നിലവിൽ എത്ര കമ്മീഷണർമാരുടെ പദവികൾ ഒഴിവുണ്ടെന്നും 2024 മാർച്ച് 31 വരെ എത്ര പേർ റിട്ടയർ ചെയ്യുന്നുവെന്നും എത്ര അപേക്ഷകളാണ് വിവിധ കമ്മീഷനുകളിൽ കെട്ടിക്കിടക്കുന്നതെ ന്നുമുള്ള വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചിരിക്കുകയാണ്.
കൂടാതെ ഒഴിവുള്ള കമ്മീഷണർമാരുടെ പദവികളിൽ എത്രയും വേഗം നിയമനം നടത്താനും സുപ്രീം കോടതി സർക്കാരുകളോട് നിർദ്ദേശിക്കുകയുണ്ടായി.