മകള്‍ റാഹയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. റാഹ പിറന്നാള്‍കേക്ക് വാരിക്കളിക്കുന്നതും മൂന്നുപേരും കൈയില്‍ പൂവ് പിടിച്ചിരിക്കുന്നതും ആലിയ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലുണ്ട്. ഫ്രഞ്ച് ഗായിക എഡിത്ത് പിയാഫിന്റെ ‘ലാ വി എന്‍ റോസ്’ എന്ന പാട്ട് റാഹയെ കേള്‍പ്പിച്ചുകൊടുക്കുന്ന വീഡിയോയും ആലിയ പങ്കുവെച്ചിട്ടുണ്ട്.
ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തു. ‘ഞങ്ങളുടെ സന്തോഷം, ഞങ്ങളുടെ ജീവിതം, ഞങ്ങളുടെ പ്രകാശം. നീ എന്റെ ഗര്‍ഭത്തിലായിരിക്കെ ഞങ്ങള്‍ ഈ പാട്ട് നിനക്കായി പ്ലേ ചെയ്തത് ഇന്നലെ എന്നപോലെ തോന്നുന്നു. നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ ഞങ്ങള്‍ അനുഗ്രഹീതരായി. നീ എല്ലാ ദിവസവും സ്വാദിഷ്ഠമായ, ക്രീം നിറഞ്ഞ ഒരു കേക്കിന്റെ കഷ്ണം പോലെ തോന്നിപ്പിക്കുന്നു. ബേബി ടൈഗറിന് പിറന്നാള്‍ ആശംസകള്‍. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു’-ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആലിയയുടെ അമ്മ സോണി റാസ്ദാന്‍, രണ്‍ബീറിന്റെ സഹോദരി റിധിമ കപൂര്‍ എന്നിവര്‍ റാഹയ്ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ഇത്ര പെട്ടെന്ന് ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് സോണി റാസ്ദാന്റെ കമന്റ്. ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ട്, രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു കപൂര്‍ എന്നിവരും റാഹയ്ക്ക് ആശംസയുമായി പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനാണ് രണ്‍ബീറിനും ആലിയക്കും കുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസം മകളുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ കാണിക്കാത്തതിനെ കുറിച്ച് ആലിയ മനസ് തുറന്നിരുന്നു. മകളുടെ മുഖം മറച്ചുപിടിക്കുകയാണെന്ന് കരുതരുതെന്നും ഇപ്പോള്‍ ക്യാമറ ഓണ്‍ അല്ലെങ്കില്‍ മകളുടെ മുഖം സ്‌ക്രീനില്‍ കാണിക്കുമായിരുന്നെന്നും ആലിയ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *