സംസ്ഥാനത്തെ ജാതി സംവരണം 65% ആയി നീട്ടാന്‍ നിര്‍ദ്ദേശിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബീഹാര്‍ ഗവണ്‍മെന്റിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയില്‍ നിന്ന് 215 പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍, അങ്ങേയറ്റ പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. 
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതോടെ നിര്‍ദിഷ്ട സംവരണ വിഭാഗം 75 ശതമാനമായി ഉയരും.
ബീഹാറിലെ നിര്‍ദ്ദിഷ്ട സംവരണ ശതമാനങ്ങളുടെ വിഭജനം:
പട്ടികജാതി (എസ്സി): 20%
പട്ടികവര്‍ഗ്ഗങ്ങള്‍ (എസ്ടി): 2%
മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി), അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങള്‍ (ഇബിസി): 43%
ജാതി സര്‍വേയുടെ വിശദമായ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍, സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിഹാറിലെ ഇബിസികള്‍ക്ക് 18 ശതമാനവും പിന്നാക്ക വിഭാഗങ്ങള്‍ക്ക് 12 ശതമാനവും പട്ടികജാതിക്കാര്‍ക്ക് 16 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് ഒരു ശതമാനവും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് മൂന്ന് ശതമാനവുമാണ് സംവരണമുള്ളത്. 2022-ലാണ് സുപ്രീം കോടതി 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം ശരിവച്ചത്.
ബിഹാര്‍ ജാതി സര്‍വേ ഫലം
ഒക്ടോബര്‍ രണ്ടിന് പുറത്തുവന്ന ആദ്യ ജാതി സര്‍വേയുടെ കണ്ടെത്തലുകള്‍ ശ്രദ്ധേയമാണ്. ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം വിമുഖത കാട്ടിയതോടെയാണ് നിതീഷ് കുമാര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വേ നടത്താന്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തിലധികം ഒബിസികളും പിന്നാക്ക വിഭാഗങ്ങളും (ഇബിസി) ആണെന്നും, ഉയര്‍ന്ന ജാതിക്കാര്‍ 10 ശതമാനം മാത്രമാണെന്നുമായിരുന്നു പ്രഥമ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.
അതേസമയം ബിഹാറില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ മൂന്നിലൊന്നും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും പ്രതിമാസ വരുമാനം 6,000 രൂപയോ അതില്‍ കുറവോ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പട്ടികജാതി വിഭാഗത്തിലുള്ള 42 ശതമാനത്തിലധികം കുടുംബങ്ങളും മുന്നാക്ക വിഭാഗത്തില്‍ നിന്നുള്ള 25 ശതമാനം പേരും ദരിദ്രരാണ്. കൂടാതെ ബിഹാറിലെ പട്ടികവര്‍ഗ കുടുംബങ്ങളില്‍ 42.70 ശതമാനവും ദരിദ്രരാണ്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 33.16 ശതമാനവും, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 33.58 ശതമാനം പേരും അതി ദരിദ്രരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബീഹാറിലെ ഏറ്റവും വലിയ ഭൂവുടമസ്ഥ ജാതി എന്ന് കരുതുന്ന ഭൂമിഹാറുകളിലും ദാരിദ്ര്യ അനുപാതം (27.58) ഉയര്‍ന്നിട്ടുണ്ട്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed