കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയും ശിക്ഷയും കുത്തനെ വർധിപ്പിച്ചു. ഇത് സംബന്ധിച്ച് പാർലമെന്റ് സമിതി തയ്യാറാക്കിയ നിയമ ഭേദഗതിക്ക് അംഗീകാരം നൽകി. ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് എതിരെയുള്ള പിഴയും ശിക്ഷയും കുത്തനെ വർധിപ്പിച്ചു.
ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ 300 ദിനാർ പിഴയും 3 മാസം തടവുമാണ് പുതിയ ഭേദഗതി പ്രകാരമുള്ള ശിക്ഷ. റോഡുകളിൽ അനുവദിച്ച നിയമാനുസൃതമായ വേഗ പരിധി ലംഘിക്കുന്നവർക്ക് എതിരെ 3 മാസത്തെ തടവും പരമാവധി 500 ദിനാർ പിഴയുമാണ് ശിക്ഷ. രാജ്യത്തെ തെരുവുകളിൽ പഴയ വാഹനം ഓടിക്കുന്നവർക്കു എതിരെയും പിഴ ശിക്ഷ വർധിപ്പിച്ചു.
വാഹനം ഓടിക്കുമ്പോൾ 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്തിയാലും പിൻസീറ്റിൽ സുരക്ഷിതമല്ലാതെ ഇരുത്തിയാലും 100 മുതൽ 200 ദിനാർ വരെ പിഴ ചുമത്തും . ട്രാഫിക് പോലീസിന്റെ അനുമതിയില്ലാതെ വാഹനത്തിന്റെ ബോഡിയിൽ മാറ്റം വരുത്തുക അഗ്നിശമന വാഹനങ്ങൾ, ആംബുലൻസുകൾ, സിവിൽ ഡിഫൻസ്, പോലീസ്, ഉദ്യോഗസ്ഥ വാഹനങ്ങൾ എന്നിവയ്ക്ക് കടന്നുപോകാൻ വഴിയൊരുക്കാതെ അവഗണിക്കുക മുതലായ കുറ്റങ്ങൾക്കും 250 മുതൽ 500 ദിനാർ വരെ പിഴ അടയ്‌ക്കേണ്ടി വരും