ബാങ്ക് തട്ടിപ്പ് കേസില്‍ പഞ്ചാബ് ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എ ജസ്വന്ത് സിംഗ് ഗജ്ജന്‍ മജ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മലേര്‍കോട്ലയില്‍ നിന്നാണ് ജസ്വന്ത് സിംഗിനെ ഇഡി സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്യുന്നതിനായി ജലന്ധറിലേക്ക് കൊണ്ടുപോയെന്നും വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജസ്വന്ത് സിംഗിന്റെ വസതിയിലും മറ്റ് സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. അമര്‍ഗയി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജസ്വന്ത് സിംഗ്.
41 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചായിരുന്നു സിബിഐ റെയ്ഡ്. റെയ്ഡില്‍ 16.57 ലക്ഷം രൂപയും 88 വിദേശ കറന്‍സി നോട്ടുകളും വിവിധ സ്വത്ത് രേഖകളും നിരവധി ബാങ്ക് അക്കൗണ്ടുകളും മറ്റ് സംശയാസ്പദമായ രേഖകളും കണ്ടെടുത്തിരുന്നു. ബാങ്കില്‍ നിന്ന് എടുത്ത വായ്പകള്‍ ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചില്ലെന്നായിരുന്നു ആരോപണം.
കേസില്‍ ബാങ്കിലെ മുന്‍ ഡയറക്ടര്‍മാര്‍, ഒരു സ്വകാര്യ കമ്പനിയുടെ ഗ്യാരന്റര്‍, മറ്റൊരു സ്വകാര്യ സ്ഥാപനം, അജ്ഞാതരായ പൊതുപ്രവര്‍ത്തകര്‍/സ്വകാര്യ വ്യക്തികള്‍ എന്നിവര്‍ക്കൊപ്പം ഗൗണ്‍സ്പുരയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. റൈസ് തവിട്, കടുക് പിണ്ണാക്ക്, ബിനോല പിണ്ണാക്ക്, ചോളം, ബാര്‍ലി, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ഇടപാട് നടത്തുന്ന സ്വകാര്യ സ്ഥാപനം 2011 നും 2014 നും ഇടയില്‍ നാല് ഇടവേളകളില്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തതായും ആരോപണമുണ്ട്.
സ്ഥാപനം, അതിന്റെ ഡയറക്ടര്‍മാര്‍ മുഖേന സ്റ്റോക്ക് മറച്ചുവെക്കുകയും വായ്പകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തതിലൂടെ ബാങ്കിന് ഏകദേശം 40.92 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കേസ് ആരംഭിക്കുന്നത്. അതേസമയം എഎപി അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ച് ആരോപിച്ച് ബിജെപി പ്രതിഷേധിച്ചു.
അതേസമയം നവംബര്‍ രണ്ടിന് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കെജ്രിവാളിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായില്ല. ഇഡി നീക്കം നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ചായിരുന്നു തീരുമാനം. ബിജെപിയുടെ ആവശ്യപ്രകാരമാണ് സമന്‍സ് അയച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതേ കേസില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ മുന്‍ ഡെപ്യൂട്ടി മനീഷ് സിസോദിയയെയും ഒക്ടോബര്‍ 4 ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്ങിനെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഏപ്രിലില്‍ കെജ്രിവാളിനെ സിബിഐ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. ഡല്‍ഹി സര്‍ക്കാരിന്റെ 2021-22ലെ എക്‌സൈസ് നയം ഇഡിയും സിബിഐയും അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ചില മദ്യവ്യാപാരികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ഇത് എഎപി ശക്തമായി നിഷേധിച്ചിച്ചിരുന്നു.