തിരുവനന്തപുരം:  സഹകരണ മേഖലയില്‍ കള്ളപ്പണമെന്ന ആക്ഷേപത്തില്‍ അരിച്ചു പെറുക്കിയിട്ട് എന്തു തെളിവ് കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി തീണ്ടാത്ത മേഖല എന്ന സല്‍പ്പേര് കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ട്. ഏതെങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല. കാലം മാറിയപ്പോള്‍ ലക്ഷങ്ങളുടെ സ്ഥാനത്ത് കോടികള്‍ കൈകാര്യം ചെയ്യുന്ന നില വന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ ചില സഹകാരികള്‍ തെറ്റായ രീതിയിലേക്ക് നീങ്ങുന്ന നിലയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ സംരക്ഷണത്തിനായി മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എവിടെയെങ്കിലും തെറ്റു സംഭവിച്ചാല്‍ അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചിട്ടുണ്ട്.
ഒരു സ്ഥാപനത്തില്‍ അഴിമതി നടന്നാല്‍ ആ മേഖലയുടെ വിശ്വാസ്യതയെ ആകെ ബാധിക്കും. തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണം. അതോടൊപ്പം ഈ മേഖലയെ സംരക്ഷിക്കേണ്ട നടപടിയും ഉണ്ടാകണം. അതില്‍ നിക്ഷേപം നടത്തിയവരെ സംരക്ഷിക്കണം, സ്ഥാപനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കണം. അതാണ് നേരത്തെ മുതല്‍ സ്വീകരിച്ചു വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഒരു സ്ഥാപനത്തില്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ചില തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. സഹകരണ വകുപ്പ് തന്നെയാണ് ഇതു കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. ഇതിനിടെയാണ് ഇപ്പോള്‍ ഇപ്പോള്‍ ഇഡി പോലുള്ള ചില കേന്ദ്ര ഏജന്‍സികള്‍ രംഗത്തു വന്നിട്ടുള്ളത്.
ഇഡി വന്ന് തങ്ങളെന്തോ പുതിയത് കണ്ടെത്തിയതായി പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സഹകരണമേഖലയില്‍ എന്തൊ നടക്കാന്‍ പാടില്ലാത്തത് നടക്കുന്നു എന്ന ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. ഇതില്‍ ദുരുദ്ദേശമുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുക എന്നതാണ് അത്. ഈ ഉന്നമിട്ടുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല. 
ബോധപൂര്‍വം തെറ്റു ചെയ്താല്‍ അതു കണ്ടെത്താനും നടപടിയെടുക്കാനും കഴിയും. സ്ഥാപനത്തിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു പറ്റിയവരായിരിക്കണം സ്ഥാപനത്തില്‍ വരേണ്ടത്. അതിന് പ്രൊഫഷണലുകളെ വെക്കണം. അതിനെ പരാജയപ്പെടുത്താനുള്ള ഒരു നീക്കവും ഒരു ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധേിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 
നോട്ടു നിരോധന കാലത്ത് പ്രചരിപ്പിച്ച കാര്യമാണ്, ഇതാകെ കള്ളപ്പണമാണെന്ന്. വളരെ എളുപ്പമാണ് അടച്ചാക്ഷേപിക്കുക എന്നത്. ഇതില്‍ സംശയമുള്ളവര്‍ അധികാരം കയ്യിലുള്ളവരായതുകൊണ്ട് അതു മനസ്സില്‍ വെച്ച് പരിശോധനകള്‍ നടത്തി. എന്തെങ്കിലും തെളിവ് കിട്ടിയോ. പറഞ്ഞ ആക്ഷേപത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നമ്മുടെ സഹകരണ മേഖല തകര്‍ക്കാനുള്ള നീക്കം നടന്നപ്പോള്‍ സഹകാരികള്‍ ഒറ്റക്കെട്ടായി നിന്നു. ഇപ്പോള്‍ ചില മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ പല രൂപത്തില്‍, പല വേഷത്തില്‍ കടന്നു വരികയാണ്. നിക്ഷേപത്തിന് മോഹപ്പലിശയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. അതു മറ്റു തരത്തില്‍ വ്യാപാരം നടത്താന്‍ ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ നല്‍കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് ദോഷമുണ്ടാക്കുന്ന ഏതു നീക്കങ്ങളെയും എതിര്‍ക്കുന്ന സമീപനമാണ് സംസ്ഥാനത്തെ എല്ലാ സര്‍ക്കാരുകളും സ്വീകരിച്ചു വന്നിട്ടുള്ളത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നപ്പോഴും സഹകരണ മേഖലയില്‍ കേരളത്തിന് ദോഷകരമാകുന്ന തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് ശക്തമായ നിലപാടെടുക്കാന്‍ കേരളത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളും സന്നദ്ധത കാണിച്ചിരുന്നു. ഇതാണ് കേരളത്തിലെ സഹകരണമേഖലയുടെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *