ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. മദ്യലഹരിയിലാണ് 22കാരന്‍ പാമ്പുമായി കളിച്ചത്. ഇതിനിടെ കടിയേല്‍ക്കുകയായിരുന്നു. പാമ്പിനെ പിടിച്ചുനില്‍ക്കുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാമ്പിനെ എടുത്ത് കഴുത്തിലിടുന്നതും നാക്കില്‍ കൊത്താന്‍ പാമ്പിനെക്കൊണ്ട് ശ്രമിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എട്ടടി വീരന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് യുവാവിനെ കൊത്തിയതെന്ന് കരുതുന്നു.
ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. രോഹിത് ജയ്സ്വാളാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന യുവാവ് കൊത്താന്‍ പാമ്പിനെ വെല്ലുവിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ശിവനായി അഭിനയിച്ച് കൊണ്ടായിരുന്നു യുവാവിന്റെ പെരുമാറ്റം.
സിഗരറ്റ് വലിക്കുന്നതും പാമ്പിനെ കൈകൊണ്ട് തല്ലുന്നതും കാണാം. ഒടുവില്‍, യുവാവിന് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. ഇയാള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.