കുമളി: ശാന്തന്‍പാറയ്ക്ക് സമീപം പോത്തൊട്ടിയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ യാത്രാനിയന്ത്രണം. ശാന്തന്‍പാറയ്ക്ക് അടുത്ത് ചേരിയാര്‍ മുതല്‍ ഉടുമ്പന്‍ചോല വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധിച്ചു. 
ഇവിടെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. പുലര്‍ച്ചയോടെ വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജില്ലാ ഭരണകൂടം ഈ വഴിയുള്ള രാത്രിയാത്ര നിരോധിച്ചത്.
പോത്തൊട്ടി ഭാഗത്ത് നാലിടത്താണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നിരവധി വീടുകളാണ് പ്രദേശത്ത് ഒറ്റപ്പെട്ടത്. ഇന്ന് ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതുകൊണ്ട് സുരക്ഷ കണക്കിലെടുത്ത് ആ പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റാന്‍ ശാന്തന്‍പാറ പഞ്ചായത്തിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് കലക്ടറുടെ ഇടപെടല്‍ ഉണ്ടായത്. ഇന്ന് വൈകീട്ടോടെ ഇവരെ ക്യാമ്പിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. നാളെ മഴ മുന്നറിയിപ്പ് ഇല്ലെങ്കില്‍ പിന്നീട് അവര്‍ക്ക് വീടുകളിലേക്ക് മടങ്ങുന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നുമാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *