കണ്ണൂർ – പരിയാരത്ത് വീടുകൾ കുത്തിത്തുറന്ന് ലക്ഷങ്ങളുടെ കവർച്ച നടത്തിയത് അന്തർസംസ്ഥാന സംഘമെന്ന് സൂചന. കവർച്ച കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിനാണ് ഈ സൂചന ലഭിച്ചത്. കവർച്ച സംഘത്തെ തിരിച്ചറിഞ്ഞതായാണ് വിവരം.
പരിയാരം ചിതപ്പിലെ പൊയിലിലും കോരൻപീടികയിലുമാണ് സമീപകാലത്ത് ലക്ഷങ്ങളുടെ വൻ കവർച്ചകൾ നടന്നത്. കോരൻപീടികയിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വയോധികയെ കെട്ടിയിട്ടായിരുന്നു കവർച്ച. ഈ സംഭവങ്ങൾക്ക് പിന്നിൽ നാട്ടിൽ തന്നെയുള്ളവരാണെന്നായിരുന്നു ആദ്യ സംശയം. കേസിൽ പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതിനെത്തുടർന്ന് നാട്ടുകാർ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിച്ചതിനെത്തുടർന്നാണ് കണ്ണൂർ റൂറൽ എസ്.പി ഹേമലത, കവർച്ചാ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. പ്രത്യേക സംഘം
ദേശീയ പാതയിലും കവർച്ച നടന്ന വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെയും അഞ്ഞൂറോളം നിരീക്ഷണ ക്യാമറകളും മൊബൈൽ ടവറും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കവർച്ചയ്ക്ക് പിന്നിൽ അന്തർസംസ്ഥാന പ്രൊഫഷണൽ സംഘമാണെന്ന വിവരം ലഭിച്ചത്. പ്രൊഫഷണൽ സംഘം കവർച്ചക്കെത്തിയ വ്യാജ നമ്പർ പതിച്ച വാഹനം കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വഴികളിൽ തങ്ങാതെ നേരത്തെ കണ്ടുവെച്ച വീടുകളിൽ എത്തി നിമിഷങ്ങൾക്കുള്ളിൽ കവർച്ച നടത്തി അതിർത്തി കടക്കുന്ന അതിവേഗ കൊള്ള സംഘമാണ് പരിയാരത്തെ കവർച്ചകൾക്ക് പിന്നിലെന്നും അന്വേഷണ സംഘം കണ്ടെത്തി. കവർച്ചാ സംഘത്തെ തിരിച്ചറിഞ്ഞ പോലീസ് സംഘം പ്രതികളെ കുടുക്കാൻ വല വീശിയിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പാണ് പരിയാരം ചിതപ്പിലെ പൊയിലിലെ വീടിന്റെ ജനൽ ഗ്രിൽസ് തകർത്ത മുഖംമൂടി സംഘം ഡോക്ടറുടെ വീട്ടിലെ വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് പതിനൊന്ന് പവന്റെ ആഭരണങ്ങളും 15,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർന്നത്. പരിയാരം ചിതപ്പിലെ പൊയിലിലെ പെട്രോൾ പമ്പിന് സമീപത്തെ ഡോക്ടർ ദമ്പതികളുടെ വീട്ടിലാണ് നാലംഗ മുഖംമൂടി സംഘം കവർച്ച നടത്തിയത്. വീടിന്റെ മുൻവശത്തെ ജനൽ ഗ്രിൽസ് മുറിച്ചു മാറ്റി അകത്ത് കടന്ന നാലംഗ സംഘം വീട്ടിൽ ഉറങ്ങുകയായിരുന്ന ഫർസീനയുടെ ബന്ധുവായ ആയിഷയെ കെട്ടിയിട്ട് ഇവരുടെ സ്വർണാഭരണങ്ങൾ കവർന്നു. വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തുണിയും പ്ലാസ്റ്റിക് കവറും കൊണ്ട് മറച്ച ശേഷമാണ് കവർച്ച നടത്തിയത്. ഈ സമയം ഡോക്ടർ ദമ്പതികൾ വീട്ടിലുണ്ടായിരുന്നില്ല. മക്കൾ മുകളി ലെ നിലയിൽ ഉറക്കത്തിലായിരുന്നു. രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. സമാനമായ രീതിയിൽ നബിദിന പരിപാടിക്ക് പോയ പളുങ്കുബസാറിലെ പ്രവാസിയുടെ വീടിന്റെ ഗ്രിൽസ് തകർത്ത് സ്വർണവും പണവും കവർന്നിരുന്നു.
രണ്ട് കവർച്ചകളും ഒരേ സംഘമാണ് നടത്തിയതെന്നാണ് കരുതുന്നത്. ഈ സംഘത്തെ ഉടൻ വലയിലാക്കാനാവുമെന്ന വിശ്വാസത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
2023 November 6Keralaപി.വി. ശ്രീജിത്ത്title_en: Burglary: Suspects suspected to be an inter-state gang