ഷാര്‍ജ: മൻസൂർ പള്ളൂരിന്റെ ‘പലസ്തീനിലെ നിലവിളികൾ, പശ്ചിമേഷ്യൻ വെല്ലുവിളികൾ’ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ വെച്ച് റിലീസ് ചെയ്തു. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ട് രമേഷ് ചെന്നിത്തല പുസ്തകം യുഡിഎഫ് കൺവീനർ എംഎം ഹസ്സന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
പലസ്തീൻ ജനതയുടെ നിലക്കാത്ത രോദനം ലോകമെമ്പാടുമുള്ള സമാധാന കാംക്ഷികളുടെയും വേദനയായി തുടരുന്നത് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഷാർജയിലെ ലോക പുസ്തകമേളയിൽ പലസ്തീനിലെ പ്രശ്നങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്ന പുസ്തകം തയ്യാറാക്കിയ എഴുത്തുകാരൻ മൻസൂർ പള്ളൂരിന്റെ പുസ്തകത്തെ കോൺഗ്രസുകാരുടെ പലസ്തീൻ ഐക്യദാർഡ്യ പുസ്തകം എന്നാണ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്.
ലോകകാര്യങ്ങൾ എഴുതുന്ന മുൻ നിര എഴുത്തുകാർക്കിടയിലാണ് മൻസൂറിന്റെ സ്ഥാനമെന്ന് എം എം ഹസ്സൻ പറഞ്ഞു. അദ്ദേഹത്തിന്റെ എഴുത്ത് പോലെ തന്നെ ലോക കാര്യങ്ങളെക്കുറിച്ചുള്ള ചാനൽ ചർച്ചകളും ഏറെ ശ്രദ്ധേയമാണെന്ന് എം എം ഹസ്സൻ പറഞ്ഞു.
യോഗത്തിൽ ഷാനി മോൾ ഉസ്മാൻ, വൈ. എ റഹീം, മഹാദേവൻ വാഴശേരി, മൻസൂർ പള്ളൂർ എന്നിവർ സംസാരിച്ചു. ലിപിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.