രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ മൂന്ന് ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ശുപാര്‍ശ. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന കൊളീജിയമാണ് പേരുകള്‍ നിര്‍ദ്ദേശിച്ചത്.
‘സുപ്രീം കോടതിയില്‍ ക്രമാതീതമായി കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ജഡ്ജിമാരുടെ ജോലിഭാരവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്, കോടതിക്ക് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാനുള്ള ശേഷി ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഒരു സമയത്തും ഒഴിവുകള്‍ അവശേഷിപ്പിക്കരുത്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനിച്ചു,’ കൊളീജിയം പുറത്തുവിട്ട പ്രമേയത്തില്‍ പറഞ്ഞു.
സുപ്രീം കോടതിയിലേക്കുള്ള നിയമനത്തിന് യോഗ്യരായ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെയും മുതിര്‍ന്ന ജഡ്ജിമാരുടെയും പേരുകള്‍ ചര്‍ച്ച ചെയ്ത ശേഷമായിരുന്നു കൊളീജിയത്തിന്റെ അന്തിമ തീരുമാനം. സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള പരിഗണനാ പട്ടികയില്‍ പെടുന്നവരുടെ വിധിന്യായങ്ങള്‍ കൊളീജിയം പരിശോധിച്ചു. ഇവരെ സഹായിക്കുന്നതിനായി സുപ്രീം കോടതിയുടെ റിസര്‍ച്ച് ആന്‍ഡ് പ്ലാനിംഗ് സെന്റര്‍ വേണ്ട രേഖകള്‍ തയ്യാറാക്കി നല്‍കിയിരുന്നു. ഹൈക്കോടതികളിലെ യോഗ്യരായ ചീഫ് ജസ്റ്റിസുമാരുടെയും മുതിര്‍ന്ന ജഡ്ജിമാരുടെയും യോഗ്യത, സമഗ്രത, കഴിവ് എന്നിവ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ശുപാര്‍ശകള്‍ നല്‍കിയത്.