ചെന്നൈ: സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിലെ അപകടം അധികാര സ്ഥാനത്തിരിക്കുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് മദ്രാസ് ഹൈക്കോടതി.
ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഭരണഘടനാ ലംഘനമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള ഇത്തരം കാര്യങ്ങള്‍ക്കു പകരം ഭരണത്തിലിക്കുന്നവര്‍ക്ക് മദ്യത്തിനും മയക്കുമരുന്നിനും അഴിമതിക്കും എതിരെ പ്രവര്‍ത്തിച്ചുകൂടേയെന്ന് കോടതി ചോദിച്ചു.
സനാതന ധര്‍മത്തെ ഇല്ലായ്മ ചെയ്യണമെന്ന പ്രഖ്യാപനത്തോടെ ഡിഎംകെ നടത്തിയ പരിപാടിക്കു ബദലായി ദ്രാവിഡ പ്രത്യയശാസ്ത്രത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പരിപാടിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പരിപാടിക്ക് അനുമതി നല്‍കാന്‍ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് ജി ജയചന്ദ്രന്‍ പറഞ്ഞു.
സെപ്റ്റംബറില്‍ നടത്തിയ സനാതന ധര്‍മ വിരുദ്ധ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി പറഞ്ഞു. സനാതന ധര്‍മത്തെ ഇല്ലായ്മ ചെയ്യണമെന്നു പറഞ്ഞ പരിപാടിക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.
അതില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തിരിക്കുന്നവരും പങ്കെടുത്തിട്ടുണ്ട്. സമൂഹത്തെ വിഭജിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തുന്നതിലെ അപകടം ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ മനസ്സിലാക്കണം. അതിനു പകരം മദ്യത്തിനും മയക്കുമരുന്നിനും അഴിമതിക്കും മറ്റു സാമൂഹ്യ തിന്മകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയാണ് അവര്‍ ചെയ്യേണ്ടത്- കോടതി പറഞ്ഞു. 
സമൂഹത്തെ വിഭജിക്കുന്ന പ്രത്യശാസ്ത്രം പ്രചരിപ്പിക്കാന്‍ കോടതി കൂട്ടുനില്‍ക്കില്ല. അതിനായി കോടതിയെ ഉപയോഗപ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയിലെ ആവശ്യം അനുവദിച്ചാല്‍ അതു വീണ്ടും സമൂഹത്തെ ഭിന്നിപ്പിക്കുകയേ ഉള്ളൂ. വിവിധ ആശയങ്ങളുടെ സഹവര്‍ത്തിത്വമാണ് ഈ രാജ്യത്തിന്റെ ഐഡന്റിറ്റി. വിഭജിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ ആരുടെയും മൗലിക അവകാശമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *