തൃശൂര്‍: തൃശൂര്‍ കേരള വര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. കെഎസ്യു സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് വിസമ്മതം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കോളജ് റിട്ടേണിംഗ് ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഹര്‍ജിക്കാര്‍ ആദ്യം സര്‍വകലാശാല വൈസ് ചാന്‍സലറെ സമീപിക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. ചെയര്‍മാന്‍ സ്ഥാനത്തെ തിരഞ്ഞെടുപ്പ് അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്നായിരുന്നു ഹര്‍ജിക്കാരനായ കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ ആവശ്യം. ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. വെള്ളിയാഴ്ച ഹര്‍ജിയുമായി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു എങ്കിലും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി മടക്കി. ഈ സാഹചര്യത്തില്‍ ആണ് അധികാര പരിധിയുള്ള ബെഞ്ച് ഹര്‍ജി പരിഗണിച്ചത്. അതേ സമയം തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചുവെന്നാരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.
കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം. ഇതിനെതുടര്‍ന്ന് എസ്എഫ്‌ഐ റീകൗണ്ടിങ് ആവശ്യപ്പെട്ടു. ആദ്യത്തെ റീകൗണ്ടിങ്ങില്‍ കെഎസ്യു സ്ഥാനാര്‍ത്ഥി ഒരു വോട്ടിന്റെ ലീഡില്‍ വിജയിച്ചതായി സ്ഥിരീകരിച്ചെങ്കിലും വീണ്ടും കൗണ്ടിങ് വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുകയായിരുന്നു.
കൗണ്ടിങ്ങിനെച്ചൊല്ലി കോളേജില്‍ ചെറിയ സംഘര്‍ഷവുമുണ്ടായി. എസ്എഫ്ഐ- കെഎസ്യു സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എസിപിയുടെ പൊലീസ് സംഘം സ്ഥലത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൗണ്ടിംഗ് നിര്‍ത്തിവെക്കണമെന്ന് കോളേജ് പ്രിന്‍സിപ്പലും പൊലീസും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇടത് അനുകൂല അധ്യാപക സംഘടന നേതാവായ റിട്ടേണിംഗ് ഓഫീസര്‍ അതിനു തയ്യാറായില്ലെന്നാണ് കെഎസ്യുവിന്റെ ആരോപണം. കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയാതായും കെഎസ്യു ആരോപിച്ചു.
32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെഎസ്യു വിജയിച്ചത്. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടനായിരുന്നു കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. പാലക്കാട് മുണ്ടൂര്‍ സ്വദേശിയാണ് ശ്രീക്കുട്ടന്‍.
 

By admin

Leave a Reply

Your email address will not be published. Required fields are marked *