നാഗാലാന്‍ഡിലെ ജനങ്ങളെ അപമാനിച്ചെന്ന ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ ആരോപണം തള്ളി ഡിഎംകെ നേതാവ് ആര്‍എസ് ഭാരതി. നാഗാലാന്‍ഡിലെ ജനതയെ വിമര്‍ശിച്ച് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. രവിക്ക് ഭാഷ മനസ്സിലാകുന്നില്ലെന്നും നാഗാലാന്‍ഡിലെ ജനങ്ങളെ വിമര്‍ശിക്കുന്ന ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഭാരതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
നാഗാലാന്‍ഡിലെ ജനങ്ങള്‍ അപമാനിക്കപ്പെട്ടുവെന്ന ഗവര്‍ണറുടെ അവകാശവാദം ഗവര്‍ണറുടെ തന്ത്രമാണെന്നും, ഗുവാഹത്തി ഹൈക്കോടതി പോലും നായ മാംസം നാഗാലാന്‍ഡുകാരുടെ സാംസ്‌കാരിക വശമാണെന്ന് വിധിച്ചിട്ടുണ്ടെന്നും ഡിഎംകെ നേതാവ് എക്സിലൂടെ പറഞ്ഞു. വിഷയം വിവാദമാക്കുന്ന ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. ഡിഎംകെയുടെ ഒരു പരിപാടിയില്‍ നാഗാലാന്‍ഡിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഭാരതി പരാമര്‍ശം നടത്തിയിരുന്നു.
‘രവി നാഗാലാന്‍ഡിന്റെ ഗവര്‍ണറായിരുന്നു, അദ്ദേഹം ഇപ്പോള്‍ തമിഴ്നാട് ഗവര്‍ണറാണ്.  പട്ടിയിറച്ചി കഴിക്കുന്ന നാഗാലാന്‍ഡിലെ ജനങ്ങള്‍ ആ സംസ്ഥാനത്തുനിന്നും രവിയെ ആട്ടിയോടിച്ചു. അവര്‍ക്കത് കഴിയുമെങ്കില്‍ ഉപ്പിട്ട ഭക്ഷണം കഴിക്കുന്ന ആത്മാഭിമാനമുള്ള തമിഴര്‍ക്ക് എന്തൊക്കെ കഴിയുമെന്ന് മറക്കരുത്.’- എന്നതായിരുന്നു ഭാരതിയുടെ പരാമര്‍ശം.
ഈ പരാമര്‍ശത്തിന് മറുപടിയുമായി ഗവര്‍ണറും രംഗത്ത് വന്നു. ‘നാഗകള്‍ ധീരരും സത്യസന്ധരും മാന്യരുമായ ആളുകളാണ്. മുതിര്‍ന്ന ഡിഎംകെ നേതാവ് തിരു ആര്‍ എസ് ഭാരതി അവരെ പട്ടിയെ തിന്നുന്നവര്‍’ എന്ന് പരസ്യമായി അധിക്ഷേപിക്കുന്നത് അപഹാസ്യവും അസ്വീകാര്യവുമാണ്. മുഴുവന്‍ നാഗ സമൂഹത്തെയും വേദനിപ്പിക്കരുതെന്ന് ഞാന്‍ ഭാരതിയോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യന്‍ ആയതില്‍ അഭിമാനിക്കുന്നു.”- അദ്ദേഹം എക്‌സില്‍ കുറിച്ചു.  2019 മുതല്‍ 2021 വരെ ആര്‍എന്‍ രവി നാഗാലാന്‍ഡിന്റെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിരുന്നു.
അതേസമയം ഗവര്‍ണറുടെ ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് ആരോപിച്ച് ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതി തമിഴ്നാട് ഗവര്‍ണറുടെ ഓഫീസ്. രാജ്ഭവന് നേരെ ഒരാള്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെയാണ് ഗവര്‍ണറുടെ ഓഫീസ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്.
കഴിഞ്ഞ ദിവസമാണ് ഗവര്‍ണറുടെ വസതിയുടെ പ്രധാന ഗേറ്റിന് നേരെ ഒരാള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഗവര്‍ണറുടെ ഡെപ്യൂട്ടി സെക്രട്ടറി ടി സെങ്കോട്ടയ്യന്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കി. സംഭവത്തില്‍ ഡിഎംകെയെ പ്രതിക്കൂട്ടിലാക്കിയാണ് ഗവര്‍ണറുടെ ഓഫീസ് പരാതി നല്‍കിയിരിക്കുന്നത്, പോലീസിന് എതിരെയും കടുത്ത വിമര്‍ശനമുണ്ട്. 
ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെയുള്ള പരസ്യമായ ഭീഷണിയുടെ അനന്തരഫലമാണ് ഈ ധിക്കാരപരമായ നടപടിയെന്ന് സെങ്കോട്ടയ്യന്‍ പരാതിയില്‍ ചൂണ്ടികാണിക്കുന്നു. പോലീസ് കൃത്യമായി എഫ്ഐആര്‍ ഫയല്‍ ചെയ്തില്ലെന്നും ഗുരുതരമായ സംഭവത്തെ തുടര്‍നടപടികളില്ലാതെ നിസ്സാര കുറ്റങ്ങളാക്കി മാറ്റിയെന്നും സെങ്കോട്ടയ്യന്‍ ആരോപിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *