ജിദ്ദ: മക്കാ പ്രവിശ്യയിൽ ചൊവാഴ്ചയും പരക്കെ മഴയായിരിക്കുമെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഏതാനും ദിവസങ്ങളായി മക്ക ഉൾപ്പെടെയുള്ള പല പ്രവിശ്യകളിലും കനത്ത മഴയും നാശനഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് ചൊവാഴ്ചയിലെ ജാഗ്രതാ നിർദേശം.
മക്കാ, ത്വായിഫ്, അൽജമൂം, ജിദ്ദ, ബഹ്‌റ, റാബിഗ്, ഖുലൈസ് അൽകാമിൽ, അദം, അൽഅർദിയാത്ത്, മെയ്‌സൻ എന്നിവിടങ്ങളിലെല്ലാം മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നാണ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ്.
ഈ ഈ പ്രദേശങ്ങളായിൽ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവാഴ്ച വരെ തുടരുമെന്നും എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കുകയും അധികൃതരിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പ്രവചനങ്ങൾ സൂചിപ്പിക്കുന്നതായും സിവിൽ ഡിഫൻസ് പ്രസ്താവന തുടർന്നു.
അതേസമയം, മഴയുള്ള സന്ദർഭങ്ങളിൽ പാലിക്കാനുള്ള ഒരു കൂട്ടം നിർദേശങ്ങൾ യാത്രക്കാർക്ക് വേണ്ടി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം പ്രസിദ്ധീകരിച്ചു. “ഔദ്യോഗികമായി അധികൃതരിൽ നിന്ന് വരുന്ന അലേർട്ടുകൾ പാലിക്കൽ, എയർ ലൈൻ അധികൃതരുമായി ആശയവിനിമയം നടത്തൽ, കുറഞ്ഞ വേഗതയിലുള്ള ഡ്രൈവിംഗ് തുടങ്ങിയവ മഴയുള്ള വേളകളിൽ കണിശമായി പാലിക്കൽ അനിവാര്യമാണെന്നും ജിദ്ദാ എയർപോർട്ട് പ്രസ്താവന വിശദീകരിച്ചു. നിശ്ചിത സമയത്തേക്കാൾ വേണ്ടത്ര മുന്നേ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യൽ, കുട കൈവശം ഉണ്ടായിരിക്കാൻ എന്നിവയും നിർദേശങ്ങളിൽ പെടുന്നു.
മറ്റൊരു റിപ്പോർട്ട് പ്രകാരം, വടക്കൻ പ്രവിശ്യയായ തബൂക്കിൽ കഴിഞ്ഞ ദിവസം ലഭിച്ച മഴ 3,8 മി. മീ. ആണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവരിച്ചു.