അബുദബി: ഗാസയ്ക്ക് മേല്‍ ന്യൂക്ലിയര്‍ ബോംബ് ഇടണമെന്ന ഇസ്രയേല്‍ പൈതൃക സംരക്ഷണ മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി യുഎഇ. ഇസ്രായേലിന്റെ നിലപാടിനെ യുഎഇ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന ആക്ഷേപകരവും ലജ്ജാവഹവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. വംശഹത്യ ആഹ്വാനം എന്ന ആശങ്ക ഉണ്ടാക്കുന്ന പ്രസ്താവനയാണിതെന്നും വിദേശ കാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അടിയന്തര വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയ്യാറാകണമെന്നും യുഎഇ വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഗാസയില്‍ അണുബോംബിടുന്നതും ഒരു സാധ്യതയാണെന്ന വിവാദ പരാമര്‍ശം നടത്തിയ മന്ത്രിയ്‌ക്കെതിരെ ഇസ്രയേല്‍ നടപടിയെടുത്തിരുന്നു. ജെറുസലേം കാര്യ-പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവിനെയാണ് മന്ത്രി സഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഒട്സമ യഹൂദിത് പാര്‍ട്ടിയുടെ മന്ത്രിയാണ് എലിയാഹു.
‘ഗാസയ്ക്കുമേല്‍ അണുബോംബിടുന്നതും ഒരു സാധ്യതയാണ്’ എന്നായിരുന്നു എലിയാഹുവിന്റെ വാക്കുകള്‍. ഒരു ഇസ്രയേലി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഗാസയില്‍ അണുംബോംബ് പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് ‘അതുമൊരു സാധ്യതയാണ്’ എന്നായിരുന്നു എലിയാഹുവിന്റെ മറുപടി.
ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനെയും അഭിമുഖത്തില്‍ എലിയാഹു എതിര്‍ത്തു. ‘നാസികളുടെ മാനുഷിക സഹായം ഞങ്ങള്‍ കൈമാറില്ല’ എന്നാണ് എലിയാഹു പറഞ്ഞത്. പലസ്തീനികള്‍ക്ക് അയര്‍ലാന്‍ഡിലേക്കോ മരുഭൂമികളിലേക്കോ പോകാമെന്നും ഗാസയിലെ രാക്ഷസന്‍മാര്‍ അവരുടെ വഴി സ്വയം കണ്ടെത്തട്ടേയെന്നുമായിരുന്നു എലിയാഹു പറഞ്ഞത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *