ദോഹ- യുവാവിന്റെ വൃക്ക പിതാവിന് മാറ്റിവെക്കുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. വിദേശ രാജ്യത്ത് വെച്ച് വൃക്കമാറ്റിവെച്ച് പരാജയപ്പെട്ട വ്യക്തിയിലാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വിദഗ്ധ സംഘം വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. ഖത്തരീ യുവാവാണ് പിതാവിന് വൃക്ക നല്‍കിയത്.
രോഗിയുടെ ടിഷ്യുവും വൃക്കയും അനുയോജ്യമാണെന്ന് ഉറപ്പാക്കാന്‍ വിപുലമായ പരിശോധനകള്‍ നടത്തിയിരുന്നു. ഖത്തറിന് പുറത്ത് കിഡ്‌നി തകരാറിലാവുകയും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിക്കാതിരിക്കുകയും ചെയ്ത പിതാവിന് തന്റെ വൃക്ക നല്‍കാന്‍ മകന്‍ അബ്ദുല്ല അല്‍ അലി തയ്യാറാവുകയായിരുന്നു.
അവയവമാറ്റ ശസ്ത്രക്രിയകളിലെ വിജയവും ഈ മേഖലയിലെ അന്താരാഷ്ട്ര പ്രശസ്തിയും കണക്കിലെടുത്ത് എച്ച്എംസിയില്‍ പിതാവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അബ്ദുല്ല അല്‍അലി പറഞ്ഞു. വിദേശത്ത് ചികിത്സയ്ക്ക് അനുമതി ലഭിച്ചിട്ടും എച്ച്എംസി നേടിയ ശ്രദ്ധേയമായ വിജയങ്ങളാണ് ഹമദ് ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.
പിതാവിന്റെ വേദന ലഘൂകരിക്കുക, വൃക്ക ഡയാലിസിസ്, രോഗ സങ്കീര്‍ണതകള്‍ എന്നിവ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രിയപ്പെട്ട പിതാവിന് വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറായിരുന്നു. എച്ച്എംസിക്കും വൃക്ക ഡയാലിസിസ്, ലബോറട്ടറി, ശസ്ത്രക്രിയ, തീവ്രപരിചരണ വിഭാഗങ്ങളിലെ സമര്‍പ്പിത മെഡിക്കല്‍, സര്‍ജിക്കല്‍, നഴ്‌സിംഗ് ടീമുകള്‍ക്കും ഞാന്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഞങ്ങള്‍ സുഖം പ്രാപിക്കുന്നതുവരെ എന്റെ പിതാവിന്റെയും എന്റെയും ആരോഗ്യത്തിന് മേല്‍നോട്ടം വഹിച്ച എല്ലാ വകുപ്പുകളോടും ഞാന്‍ നന്ദിയുള്ളവനാണ്- അല്‍ അലി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ സാങ്കേതികവിദ്യയിലെ പുരോഗതിക്ക് പുറമെ, പ്രസക്തമായ വിവിധ സ്‌പെഷ്യാലിറ്റികളില്‍ നിന്നുള്ള മെഡിക്കല്‍ സ്റ്റാഫിന്റെ സഹകരണമാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തിന് കാരണമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടറുമായ ഡോ. യൂസഫ് അല്‍ മസ്ലമാനി പറഞ്ഞു. ഏറ്റവും പുതിയ ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളുടെ ഉപയോഗം സാധ്യമാക്കുന്ന രാജ്യമാണ് ഖത്തര്‍.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ അവയവം മാറ്റിവയ്ക്കല്‍ പരിപാടി പുരോഗമിക്കുകയാണ് . 2023 ന്റെ തുടക്കം മുതല്‍ ഒക്ടോബര്‍ വരെ വിവിധ പ്രായത്തിലുള്ള രോഗികള്‍ക്ക് 54 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. ഇതില്‍ ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്ന് 30 വൃക്കകളും മസ്തിഷ്‌ക മരണം സംഭവിച്ച ദാതാക്കളില്‍ നിന്ന് 24 വൃക്കകളും ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ 7 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും 3 ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നടത്തിയതായി ഡോ. അല്‍ മസ് ലമാനി പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യകളുടെ സംയോജനവും പ്രോഗ്രാമിന്റെ മേല്‍നോട്ടം വഹിക്കുന്ന മെഡിക്കല്‍ സ്റ്റാഫിന്റെ വൈദഗ്ധ്യവുമാണ് വിജയകരമായ ശസ്ത്രക്രിയകള്‍ക്ക് കാരണം. എച്ച്എംസിയുടെ വൃക്ക മാറ്റിവയ്ക്കല്‍ പദ്ധതിയുടെ തുടര്‍ച്ചയായ വികസനവും വിപുലീകരണവും നടക്കുകയാണ്.എച്ച്എംസിയില്‍ നടത്തുന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ എണ്ണം ദാതാക്കളുടെ ലഭ്യതയെയും ദാതാവിനും സ്വീകര്‍ത്താവിനുമുള്ള എല്ലാ അവയവദാന മാനദണ്ഡങ്ങളും നിറവേറ്റുന്നതിനെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ദാതാക്കള്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ദാതാവിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശസ്ത്രക്രിയയ്ക്ക് മുമ്പ് സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റുകള്‍ക്ക് വിധേയരാകും. ‘2022ല്‍, ആകെ 41 വൃക്കകളാണ് വിജയകരമായി മാറ്റിവെച്ചത്. അതില്‍ ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്ന് 25 വൃക്ക മാറ്റിവയ്ക്കലും മസ്തിഷ്‌ക മരണം സംഭവിച്ച ദാതാക്കളില്‍ നിന്ന് 16 വൃക്ക മാറ്റിവയ്ക്കലും ഉള്‍പ്പെടുന്നു. ശരാശരി ആഴ്ചയില്‍ ഒരു ഓപ്പറേഷന്‍ എന്ന തോതില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നുണ്ട്. ‘ ഡോക്ടര്‍ അല്‍ മസ്ലമാനി കൂട്ടിച്ചേര്‍ത്തു.
എല്ലാ രോഗികള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള പരിചരണം നല്‍കുന്നതിന് അത്യാധുനിക ഉപകരണങ്ങളും മെഡിക്കല്‍ സൗകര്യങ്ങളും ഉപയോഗിച്ച് വൃക്ക, കരള്‍, ശ്വാസകോശം മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള അവയവമാറ്റ പരിപാടികളാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വിജയകരമായി നടപ്പാക്കുന്നത്. ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നോ അല്ലെങ്കില്‍ മരണശേഷം അവയവദാതാക്കളായി രജിസ്റ്റര്‍ ചെയ്ത വ്യക്തികളില്‍ നിന്നോ അവയവങ്ങള്‍ മാറ്റിവയ്ക്കപ്പെടുന്നു. മരിച്ച ഒരു അവയവ ദാതാവ് വിവിധ അവയവങ്ങള്‍ നല്‍കി എട്ട് ജീവന്‍ വരെ രക്ഷിക്കാന്‍ കഴിയും.
 
2023 November 6Gulfdohahmcdoha hmc അമാനുല്ല വടക്കാങ്ങരtitle_en: HMC successfully performs kidney transplant from Qatari young man to his father

By admin

Leave a Reply

Your email address will not be published. Required fields are marked *