തിരുവനന്തപുരം – കനകക്കുന്നിലെ കേരളീയം പരിപാടിയിൽ ആദിവാസി സ്ത്രീപുരുഷന്മാരെ ഷോപീസുകളായി പ്രദർശിപ്പിച്ച നടപടി തികഞ്ഞ വംശീയതയും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണെന്ന് വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി. പ്രദർശനം പിൻവലിച്ച് കേരളത്തോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
മനുഷ്യരുടെ അന്തസ്സിനും ആത്മാഭിമാനത്തിനും വില കൽപിക്കാത്ത ഹീനകൃത്യമാണ് കനകക്കുന്നിൽ നടന്നു കൊണ്ടിരിക്കുന്നത്. വിവിധ ജനസമൂഹങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ അടയാളപ്പെടുത്താൻ കൂടുതൽ മാന്യവും ആദരപൂർവകവുമായ ആവിഷ്‌കാരങ്ങളായിരുന്നു സർക്കാർ സ്വീകരിക്കേണ്ടിയിരുന്നത്. കേരളത്തിലെ വേറെ ഏതെങ്കിലും ഒരു ജനത ഇപ്രകാരം അവഹേളിക്കപ്പെടും എന്ന് തോന്നുന്നില്ല. ജനാധിപത്യ കേരളത്തിന്റെ ഭരണകൂടങ്ങൾ ആദിവാസി സമൂഹത്തോട് കാണിച്ചു കൊണ്ടിരിക്കുന്ന ഭീകരമായ അനീതികളുടെ ചരിത്രം നമുക്ക് മുന്നിലുണ്ട്. ആ ചരിത്രം പ്രദർശിപ്പിക്കാൻ കേരളത്തിലെ ആദിവാസി സമൂഹം തീരുമാനിച്ചാൽ സർക്കാരിന് പിന്നെ മുഖമുയർത്താൻ കഴിയില്ല എന്നോർക്കണം. ആദിവാസികളുടെ ഭൂമി പ്രശ്‌നത്തെ അഭിമുഖീകരിക്കാൻ തയാറാകാത്ത ഭരണകൂടം അവരെ പ്രദർശിപ്പിച്ച് മേനി നടിക്കുന്നത് അൽപത്തവും പ്രതിഷേധാർഹവുമാണ് -റസാഖ് പാലേരി ചൂണ്ടിക്കാട്ടി.
2023 November 6KeralaKeraleeyamKeraleeyam programmewelfare partytitle_en: Kerala: Disgrace for making Adivasis showpieces – Welfare Party