കൊച്ചി: കെഎസ്ആര്‍ടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല, കേരളീയത്തിന്റെ തിരക്കായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്.
ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് കോടതി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ രണ്ടരയ്ക്ക് ഹാജരാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളീയത്തിനായി സര്‍ക്കാര്‍ കോടികള്‍ പൊടിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്ന് മാസമാകുന്നു. ആറാം തീയതിക്കകം രണ്ടു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അല്ലാത്തപക്ഷം ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശം. ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് ഫ്രണ്ടെന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.