തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് മലപ്പുറത്ത് പലസ്തീൻ ഐക്യദാർഡ്യ സദസ് സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിയുണ്ടാകില്ല. നാളെ അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകുന്ന ഷൗക്കത്ത് ഖേദം പ്രകടിപ്പിച്ച് കത്തുനൽകും. ഇതു പരിഗണിച്ച് മറ്റു നടപടികളിലേക്ക് പാർട്ടി കടക്കില്ല.
നവംബർ മൂന്നിന് നിശ്ചയിച്ച പരിപാടി ഒഴിവാക്കാൻ കെപിസിസി കത്ത് നൽകിയത് രണ്ടിനായിരുന്നെന്നും വേഗത്തിൽ പരിപാടി റദ്ദാക്കാൻ കഴിയുമായിരുന്നില്ല എന്നുമാകും ഷൗക്കത്ത് വിശദീകരിക്കുക. പാർട്ടി തീരുമാനത്തിനെതിരെ പ്രവർത്തിച്ചതിൽ ഖേദമുണ്ടെന്നും ഷൗക്കത്ത് അറിയിക്കും.
മേലിൽ ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കരുതെന്ന നിർദേശത്തോടെ ഷൗക്കത്തിനെതിരായ നടപടി അവസാനിപ്പിക്കാനാണ് പാർട്ടിയിൽ ഉണ്ടായ ധാരണ. നേതാക്കളുമായി കൂടിയാലോചിച്ച് മുമ്പോട്ടു പോകണമെന്ന നിർദേശം ഡിസിസി അധ്യക്ഷൻ വി എസ് ജോയിക്കും നൽകും.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾ വേണ്ടെന്ന ധാരണയിലാണ് നേതൃത്വം. മലപ്പുറത്ത് നിന്ന് ഒരാൾ നിലവിൽ പാർട്ടി വിടുന്നത് ഗുണകരമാവില്ലെന്നും നേതൃത്വം വിലയിരുത്തി.
ഷൗക്കത്തിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം നീക്കം തുടങ്ങിയിരുന്നു. ഇത് കൂടി മുന്നിൽ കണ്ടാണ് കോൺഗ്രസ് നിലപാട് അയഞ്ഞത്. ഷൗക്കത്തുമായി മുതിർന്ന നേതാക്കൾ സംസാരിച്ചിരുന്നു. ഷൗക്കത്തിനും പാർട്ടി വിടാൻ താൽപര്യമില്ലെന്നാണ് സൂചന.