അറസ്റ്റ് ചെയ്താല്‍ ഡല്‍ഹി സര്‍ക്കാരിനെ അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് നയിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി). നടപ്പിലാക്കാത്ത മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചത് കെജ്രിവാളിനെ ജയിലിലടക്കാനുള്ള മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും എഎപി ആരോപിച്ചു. ഡല്‍ഹി മദ്യനയ കേസില്‍ കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്‍സ് പരാമര്‍ശിച്ചായിരുന്നു എഎപിയുടെ പ്രതികരണം.
എഎപി എംഎല്‍എമാരും കെജ്രിവാളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയെ കുറിച്ചും ഡല്‍ഹി മന്ത്രി അതിഷി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. ഇഡി സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കരുതെന്ന് എല്ലാ നിയമസഭാംഗങ്ങളും കെജ്രിവാളിനോട് ആവശ്യപ്പെട്ടതായി അതിഷി പറഞ്ഞു.
‘ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ട് ചെയ്താണ് കെജ്രിവാളിനെ അധികാരത്തിലേറ്റിയത്. അതിനാല്‍ രാജിവെക്കരുതെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ജയിലില്‍ പോയാലും അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരും, ജയിലില്‍ വച്ച് ക്യാബിനറ്റ് മീറ്റിംഗുകള്‍ നടത്താന്‍ കോടതിയോട് എഎപി ആവശ്യപ്പെടുമെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
നവംബര്‍ രണ്ടിന് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍ സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. കൂടാതെ ബിജെപിയുടെ ആവശ്യപ്രകാരമാണ് ഇഡി സമന്‍സ് അയച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ മുന്‍ ഡെപ്യൂട്ടി മനീഷ് സിസോദിയയെയും ഒക്ടോബര്‍ നാലിന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗിനെയും അറസ്റ്റ് ചെയ്ത അതേ കേസിലാണ് കെജ്രിവാളിനും ഇഡി സമന്‍സ് അയച്ചത്.
ഏപ്രിലില്‍ കെജ്രിവാളിനെ സിബിഐ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ 2021-22ലെ എക്‌സൈസ് നയം ഇഡിയും സിബിഐയും അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ചില മദ്യവ്യാപാരികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ഇത് എഎപി ശക്തമായി നിഷേധിച്ചിച്ചിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന ഇന്ത്യാ സഖ്യ നേതാക്കളെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പദ്ധതിയാണിതെന്നും ഇതിന്റെ ഭാഗമായി ആദ്യം അറസ്റ്റിലാകുന്നത് ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കുമെന്നും നവംബര്‍ ഒന്നിന് ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.