നടി രശ്മിക മന്ദാനയുടെ പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രശ്മിക മന്ദാന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവം തീര്‍ത്തും വേദനാജനകമാണെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്നും രശ്മിക എക്സില്‍ കുറിച്ചു.
രശ്മികയുടെ വാക്കുകള്‍ ഇങ്ങനെ… എന്റേത് എന്ന പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ കുറിച്ച് സംസാരിക്കേണ്ടി വരുന്നത് തീര്‍ത്തും വേദനാജനകമാണ്. ഇത്തരമൊരു കാര്യം എനിക്ക് മാത്രമല്ല ഇതുപോലെ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് ഇരയാകുന്ന നമ്മളോരോരുത്തര്‍ക്കും അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്. 
ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നല്‍കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കില്‍, എനിക്ക് ഇത് എങ്ങനെ നേരിടാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
ഇത്തരം ഐഡന്റിറ്റി മോഷണം കൂടുതല്‍ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയില്‍ അടിയന്തിരമായും നാം ഇതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്’ രശ്മിക പറഞ്ഞു. ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫേക്ക് വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചത്. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. 
ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷം ഫോളോവേഴ്സ് ഉള്ള സറാ പട്ടേല്‍ എന്ന ബ്രിട്ടിഷ് ഇന്ത്യന്‍ പെണ്‍കുട്ടിയാണിത്. വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ഇലക്ട്രോണിക്സ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും എത്തിയിരുന്നു. വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടാനുള്ള നിയമപരമായ ബാദ്ധ്യത സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. 
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ ബാധ്യസ്ഥരാണ്. റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 36 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്തിരിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ റൂള്‍ 7 പ്രയോഗിക്കുകയും കമ്പനി കോടതിയിലെത്തേണ്ടിയും വരുമെന്നും മന്ത്രി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *