മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ലെന. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ലെന പിന്നീട് ശക്തമായി തിരികെ വരികയായിരുന്നു. തിരിച്ചുവരവില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ലെനയ്ക്ക് സാധിച്ചു. കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയിലും ലെന വളരെ സജീവമായിരുന്നു.
ആത്മീയ പാതയിലേക്ക് തിരിഞ്ഞ ലെന അടുത്തിടെ ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. ആത്മാവിനെക്കുറിച്ചും സ്വയം തിരിച്ചറിയലിനെക്കുറിച്ചുമൊക്കെയാണ് പുസ്തകം. ഇതിന്റെ ഭാഗമായി താരം അടുത്തിടെ നല്‍കിയ അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഡിപ്രഷന്‍ ബാധിച്ചതിനെ കുറിച്ച് ലെന പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.
‘ഞാന്‍ ദൈവമാണ് എല്ലാം ദൈവമാണ് എന്നാണ് ഞാന്‍ പറയുന്നത്. ഒരിക്കല്‍ ഇത് പറഞ്ഞ് വഴിക്ക് എന്റെ വീട്ടുകാര്‍ കരുതി ഞാന്‍ കൈവിട്ടുപോയെന്ന്. എന്റെ അച്ഛനും അമ്മയും ഭര്‍ത്താവുമെല്ലാം അങ്ങനെയാണ് കരുതിയത്. അന്ന് ഞാന്‍ വിവാഹിതയായിരുന്നു. അവര്‍ കരുതി, ഈ കുട്ടി കൈവിട്ടുപോയെന്ന്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ എന്നെ അവര്‍ അന്ന് സൈക്യാട്രിക് ഹോസ്പിറ്റലില്‍ കൊണ്ടുവിട്ടു. ചികിത്സയ്ക്കായി.
സെല്‍ഫ് റിയലൈസേഷന്‍ എന്ന അനുഭവം വിവരിക്കാനാകില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ക്ക് എന്നെ മനസ്സിലാക്കാന്‍ സാധിക്കാതിരുന്നത്. എനിക്ക് എന്താണോ ആ സമയത്ത് നല്ലത് എന്ന് നോക്കിയാണ് അന്ന് അവര്‍ അത് ചെയ്തത്. കാരണം ഞാന്‍ ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല. എനിക്ക് അന്ന് ഉറക്കം ആവശ്യമില്ലായിരുന്നു.
ഭയങ്കര ആഹ്ലാദത്തിലായിരുന്നു എന്റെ മാനസികാവസ്ഥ. എന്നോട് എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ ദൈവമാണ് നിങ്ങള്‍ ദൈവമാണ് എല്ലാം ദൈവമാണ് എന്നാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഡോക്ടര്‍ ഇന്‍ജക്ഷന്‍ നല്‍കി മയക്കി. വേറൊന്നും ചെയ്തില്ല” എന്നായിരുന്നു ലെന ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.