ഷാർജ: പ്രവാസത്തിലെ സാഹിത്യക്കൂട്ടായ്‌മയായ മഷി എഡിറ്റോറിൽ തയ്യാറാക്കിയ ‘കഥപറയുന്ന ഗ്രാമങ്ങൾ’ ഇന്നലെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രൗഢഗംഭീരമായ വേദിയിൽ എഴുത്തുകാരൻ മോഹൻ കർത്ത പ്രകാശനം ചെയ്‌തു. പുസ്‌തകം പ്രശസ്‌ത എഴുത്തുകാരൻ ജേക്കബ് എബ്രഹാം സ്വീകരിച്ചു.
ഷാർജ പുസ്തകമേളയിൽ റൈറ്റേഴ്‌സ് ഫോറത്തിൽ പുസ്‌തകം സ്വീകരിച്ചുകൊണ്ട് ജേക്കബ് എബ്രഹാം, നാടിൻറെ ഓരോ തുണ്ടാണ് ഓരോ പ്രവാസിയും അവൻ ജീവിക്കുന്ന പരിസരവുമെന്ന് പറഞ്ഞു. നാട്ടിൽ നിന്നും ഓരോ തവണ പോയി വരുമ്പോളും ആ ഭൂമികളുടെ ചെറുതും വലുതുമായ ഓർമ്മകൾ പേറുന്ന ഓരോ ചെറിയ ചെറിയ സാധനകകൾ കൊണ്ടുവന്ന് സ്വന്തം വീടും എന്തിന് വണ്ടിപോലും അവർ അലങ്കരിക്കുന്നു.
നാടിന്റെ സ്‌പന്ദനം ആഗ്രഹിക്കുന്ന ഒരു തലമുറ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു എന്നത് നാം വിസ്മരിക്കാൻ പാടില്ല. പുതിയ തലമുറക്ക് നാട്ടിൽ നിൽക്കുവാൻ താൽപര്യം കുറയുകയും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. പകരം ഇന്ത്യയുടെ മറ്റുപ്രദേശങ്ങളിൽ നിന്ന്, പ്രേത്യേകിച്ച് ബംഗാൾ പോലെയുള്ള സ്ഥലങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്ക് ആൾക്കാർ എത്തിച്ചേരുന്നു. ഇനി വരുന്ന കാലത്ത് ബംഗാളിൽ നിന്നും അതുപോലെ മറ്റു സ്ഥലങ്ങളിൽ നിന്നും കേരളത്തെപ്പറ്റി കഥകളും നോവലുകളും വന്നാൽപ്പോലും അത്ഭുതപ്പെടാനില്ല.
മഷി സാഹിത്യകൂട്ടായ്മയിൽ നിന്നും അംഗങ്ങളും പ്രമുഖ സാഹിത്യകാരന്മാരാലും പങ്കെടുത്ത പ്രകാശനച്ചടങ്ങ് സമ്പന്നമായിരുന്നു. ലേഖ ജസ്റ്റിൻ അവതാരകായിരുന്നു. സജ്‌ന പണിക്കർ, ജോയ് ഡാനിയേൽ, അനുജ സനൂപ് എന്നിവർ മഷിയെ പ്രതിനിധീകരിച്ച് സംസാരിച്ചു.