തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ ഒറ്റ കോളിലൂടെ ലഭ്യമാക്കുന്ന ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതി സംസ്ഥാനത്തെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും ലഭ്യമാണെന്ന് കെഎസ്ഇബി. 
പുതിയ വൈദ്യുതി കണക്ഷന്‍, താരിഫ് മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് കെഎസ്ഇബി ഓഫീസ് സന്ദര്‍ശിക്കാതെ, ഒറ്റ കോളിലൂടെ തന്നെ ഉപഭോക്താവിന് വാതില്‍പ്പടി സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. 
സേവനത്തിനായി നിയോഗിക്കപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തുകയും ആവശ്യമായ വിവരങ്ങള്‍ പ്രത്യേക മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയും സമര്‍പ്പിക്കേണ്ട രേഖകളുടെ ഫോട്ടോ സ്വയമെടുത്ത് അപ്ലോഡ് ചെയ്യുകയും ചെയ്യുന്ന ശൈലിയാണ് അവലംബിക്കുന്നതെന്ന് കെഎസ്ഇബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഇതിലൂടെ വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ പേപ്പര്‍ലെസ് ഓഫീസുകളായി മാറുവാനും ഉപഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ എക്കാലവും ഡിജിറ്റല്‍ രേഖകളായി സൂക്ഷിച്ചു വയ്ക്കുവാനും കഴിയും. 1912 എന്ന, കെ എസ് ഇ ബിയുടെ 24/7 പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചും 9496001912 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശമയച്ചും ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ ആവശ്യപ്പെടാവുന്നതാണെന്നും കുറിപ്പില്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *