തിരുവനന്തപുരം: മെറ്റാവേഴ്സിന്റെ കാലത്ത് കലയും കലാപ്രദർശനവും വിപണവും എളുപ്പമാക്കുന്നതിന് കലാകാരന്മാരെ സാങ്കേതിമായി സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എൻ എഫ് ടി ആർട്ട് എക്സിബിഷൻ കാണികൾക്ക് വ്യത്യസ്തമായ അനുഭവമാകുന്നു. കേരളീയത്തിന്റെ ഭാഗമായി ടാഗോർ തീയേറ്ററിൽ നടക്കുന്ന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ട് എന്ന പ്രദർശനത്തിന്റെ ഭാഗമായിട്ടാണ് നവകാലത്തെ ഈ വ്യത്യസ്ത ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്നാറിലെ താഴ്‌വരകൾ സന്ദർശിക്കുന്ന അന്യഗ്രഹ ജീവികൾ, തൃശ്ശൂർ പൂരത്തിന് എഴുന്നള്ളി വരുന്ന ദിനോസറുകൾ തുടങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിച്ചെടുത്ത ചിത്രങ്ങളുടെ പ്രദർശനവും കലാസൃഷ്ടികൾ എളുപ്പത്തിൽ വിൽക്കുന്നതിനും വാങ്ങുന്നതിനും കഴിയുന്ന തരത്തിലുള്ള എൻ എഫ് ടി കലാസൃഷ്ടികളുടെ പ്രദർശനവും ഇവിടെ സംഘടിപ്പിച്ചിരുന്നു. നടി റിമ കല്ലിങ്കൽ, പ്രശസ്ത ഛായാഗ്രാഹകൻ ഹരി മേനോൻ തുടങ്ങി കേരളത്തിലെ 25 ഓളം കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദർശനമാണ് ഈ വിഭാഗത്തിൽ ഉള്ളത്.
മെറ്റാവേഴ്സിന്റെ കാലത്ത് കലാപ്രദർശനവും, വിപണവും പൂർണമായും ക്‌ളൗഡിന്റെ സാങ്കേതിക സഹായത്തോടെ അനായാസമാക്കാൻ എങ്ങനെ കഴിയുമെന്ന് കാണിക്കുന്ന പ്രദർശനമാണ് ഇതെന്ന് പി ആർ ഡി ക്ക് വേണ്ടി പ്രദർശനം സംഘടിപ്പിക്കുന്ന ഫോർ ഓ ക്ലോക്കിന്റെ സാരഥികളായ സോണിയ അനിരുദ്ധൻ, പദ്മനാഭൻ പി കെ, സീന പ്രദീപ് എന്നിവർ പറഞ്ഞു. തിരുവനന്തപുരം ആസ്ഥാനമാക്കി നവമാധ്യമങ്ങളിലെ കലാകാരന്മാരെ സംഘടിപ്പിച്ചു ട്രിവാൻഡ്രം എൻ എഫ് ടി ക്ലബ്ബ് എന്ന കൂട്ടായ്മയും ഇവർ സംഘടിപ്പിച്ചു വരുന്നുണ്ട്.