തിരുവനന്തപുരം: പോലീസിന്റെ അതിശക്തമായ എതിർപ്പ് തള്ളിക്കളഞ്ഞ് കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കാക്കി യൂണിഫോം ഏർപ്പെടുത്താൻ തീരുമാനം. നേരത്തേ കാക്കിയായിരുന്ന യൂണിഫോം നീലയിലേക്ക് മാറുകയായിരുന്നു.
ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കാക്കിയും മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് നേവി ബ്ലൂവും നിറത്തിലുള്ള യൂണിഫോമുമാണ് പുതുതായി നൽകുക. കേരള ടെക്സ്‌റ്റൈൽ കോർപ്പറേഷനാണ് തുണിവിതരണക്കരാർ ഏറ്റെടുത്തിട്ടുള്ളത്. തൊഴിലാളി യൂണിയനുകളും കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറും തമ്മിലുള്ള ചർച്ചയിലാണ് യൂണിഫോം മാറ്റം തീരുമാനിക്കപ്പെട്ടത്.
മറ്റ് വകുപ്പുകളിൽ കാക്കി യൂണിഫോം ആക്കുന്നതിനെ പോലീസ് എതിർത്തിരുന്നു. പോലീസിന്റേതിന് സമാനമായ കാക്കി യൂണിഫോം മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാർ ധരിക്കുന്നത് നിറുത്തലാക്കണമെന്ന് ഡി.ജി.പി അനിൽകാന്ത് രണ്ടാംവട്ടവും സർക്കാരിന് ശുപാർശ നൽകിയിരുന്നു.
കാക്കി യൂണിഫോം പോലീസിന് മാത്രമാക്കണം. ഫയർഫോഴ്സ്, വനം, എക്‌സൈസ്, ജയിൽ എന്നീ സേന വിഭാഗങ്ങളുടെയും ഹെൽത്ത് ഇൻസ്‌പെകടർമാർ, സ്റ്റുഡ് പൊലീസ് കേഡറ്റ് അധ്യാപകർ, ലീഗൽ മെട്രോളജി ജീവനക്കാർ, സ്റ്റുഡന്റ് പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടേയും കാക്കി യൂണിഫോം മാറ്റണം. ആശയക്കുഴപ്പം ഒഴിവാക്കാനാണിത്.
പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും കാക്കി യൂണിഫോം ധരിക്കാൻ പാടില്ല. ഫയർഫോഴ്സും ജയിൽ വകുപ്പും, വനംവകുപ്പും ക്രമസമാധാന ചുമതയിൽ ഉൾപ്പെടുത്താത്തിനാൽ കാക്കിക്ക് പകരം മറ്റൊരു യൂണിഫോം നൽകണമെന്നും മോട്ടോർ വാഹന, എക്സൈസ് ഉദ്യോഗസ്ഥരുടെ യൂണിഫോം പരിഷ്കരിക്കണമെന്നുമാണ് ശുപാർശ. മറ്റ് വകുപ്പുകളിൽ കാക്കി ഉപയോഗിക്കുന്നത് പിൻവലിക്കണം.
എന്നാൽ മറ്റ് വിഭാഗങ്ങൾ പൊലീസിനു സമാനമായ ചിഹ്നങ്ങളോ ബെൽറ്റോ മറ്റ് സേനാ വിഭാഗങ്ങൾ ഉപയോഗിക്കാറില്ല. എന്നാൽ കെ.എസ്.ആർ.ടി.സിയിൽ യൂണിഫോം പരിഷ്കരണത്തിന് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. കേരള ടെക്സ്‌റ്റൈൽ കോർപ്പറേഷനിൽ തയ്യാറാവുന്ന പുതിയ യൂണിഫോം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യും.
പതിറ്റാണ്ടുകളോളം കാക്കി യൂണിഫോമാണ് കെ.എസ്.ആർ.ടി.സി.ജീവനക്കാർ ഉപയോഗിച്ചിരുന്നത്. 2015-ൽ കോർപ്പറേഷനിലെ ആധുനികീകരണ നടപടികളുടെ ഭാഗമായി യൂണിഫോം മാറ്റമുണ്ടായി. കടുംനീല പാന്റും ഇളംനീല ഷർട്ടുമായി ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും വേഷം പരിഷ്കരിക്കപ്പെട്ടു.
മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടേത് ചാരനിറത്തിലുള്ളതുമായി. ഇൻസ്പെക്ടർമാരുടേത് വെള്ളഷർട്ടും കറുത്ത പാന്റുമായി മാറി. കാക്കിയിൽനിന്ന് നീലയിലേക്കുള്ള മാറ്റവും അന്ന് എതിർക്കപ്പെട്ടെങ്കിലും മാനേജ്മെന്റ് യൂണിഫോം മാറ്റം നടപ്പാക്കുകയായിരുന്നു.
അതേസമയം, പോലീസിന്റെ കാക്കി യൂണിഫോം വേറെ നിറത്തിലേക്ക് മാറ്റുന്നത് പരിഗണിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി നിർദ്ദേശിച്ച ”ഒരു രാജ്യം, ഒറ്റ പൊലീസ് യൂണിഫോം” എന്ന ആശയത്തോട് അനുകൂലമാണെങ്കിലും കാക്കി യൂണിഫോം മാറ്റുന്നതിനോട് കേരളാ പോലീസ് യോജിച്ചില്ല.
നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് ഗുണനിലവാരമുള്ള യൂണിഫോം ഏകീകരിച്ചാൽ രാജ്യത്തെവിടെയും പോലീസ് ഉദ്യോഗസ്ഥരെ പൗരന്മാർ തിരിച്ചറിയുകയും നിയമപാലകർക്ക് പൊതുസ്വത്വം ലഭിക്കുകയും ചെയ്യുമെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചത്. ഏകീകൃത യൂണിഫോമാണെങ്കിലും സംസ്ഥാനങ്ങൾക്ക് അവരുടെ നമ്പറോ ചിഹ്നമോ പതിക്കാമെന്നുമാണ് കേന്ദ്രം നിർദ്ദേശിച്ചത്.
2018ൽ പോലീസിന്റെ യൂണിഫോം പരിഷ്കരിക്കാൻ ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹറ ശ്രമിച്ചെങ്കിലും നടന്നില്ല. വിയർപ്പോ വെള്ളമോ ആയാൽ എളുപ്പത്തിൽ ഉണങ്ങുന്ന വിധത്തിലുള്ള തുണിത്തരവും നേവി ബ്ലൂവും കറുപ്പും, ഒലിവ് ഗ്രീനും നേവി ബ്ലൂവും, നേവി ബ്ലൂവും ചുവപ്പും എന്നിങ്ങനെ നിറങ്ങളും ശുപാർശ ചെയ്തെങ്കിലും സർക്കാർ അംഗീകരിച്ചില്ല.
എന്നാൽ ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന ആപ്തവാക്യം ആലേഖനം ചെയ്ത പോലീസിന്റെ നീലനിറത്തിലെ ഔദ്യോഗിക ചിഹ്നം ഇടതുതോളിൽ തുന്നിച്ചേർക്കാൻ അനുമതിയായിരുന്നു. ഒരു കമ്പനിയിൽ നിന്ന് ഒരേ തരത്തിലുള്ള കാക്കിത്തുണി വാങ്ങണമെന്ന ബെഹറയുടെ ഉത്തരവ് വിവാദമായതിനെത്തുടർന്ന് നടപ്പാക്കിയില്ല.