ഛണ്ഡീഗഡ്: ഹരിയാനയിൽ 50 വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച പ്രിൻസിപ്പാൾ അറസ്റ്റിൽ. ജിന്ദ് ജില്ലയിൽ ആണ് സംഭവം. അറസ്റ്റിലായ സർക്കാർ സ്‌കൂൾ പ്രിൻസിപ്പാളിന്റെ പേര് വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
അഞ്ച് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കഴിഞ്ഞ തിങ്കളാഴ്ച പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഹരിയാ ഡെപ്യൂട്ടി സൂപ്രണ്ട് അമിത് കുമാർ ഭാട്ടിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ഒളിവിൽ പോയ ഇയാളെ രാവും പകലും നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.
പീഡനം അസഹനീയമായതോടെ വിദ്യാർത്ഥികൾ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് എടുക്കാനും നടപടി സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. ഇതേ തുടർന്നായിരുന്നു കേസ് എടുത്ത് നടപടി സ്വീകരിച്ചത്. കേസ് എടുത്തതിന് പിന്നാലെ ഇയാളെ സ്‌കൂളിൽ നിന്നും പുറത്താക്കി. 50 വിദ്യാർത്ഥികളും പ്രായപൂർത്തിയാകാത്തവരാണ്. അതിനാൽ പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇതിന് പുറമേ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.