തിരുവനന്തപുരം: കേരളത്തിൽ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ റിലയൻസ്. അന്താരാഷ്ട്രതലത്തിലെ വിവിധ ഡാറ്റാസെന്ററുകളെ ബന്ധിപ്പിച്ചുകൊണ്ട് പുതുതലമുറ ഡാറ്റാസെന്ററും കേബിൾ സ്റ്റേഷനും സ്ഥാപിക്കാനാണ് തീരുമാനം. കേരളത്തിന് പുറത്തേക്ക് യുവാക്കൾ ജോലിയും വിദ്യാഭ്യാസവും തേടി പോകുന്നത് കുറയ്ക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നതാണ് റിലയൻസിന്റെ വിശദീകരണം.
വി.എസ് സർക്കാരിന്റെ കാലത്ത് കേരളത്തിലെ ഡാറ്റാ സെന്റർ നടത്തിപ്പ് റിലയൻസിന് കൈമാറാനുള്ള തീരുമാനം വിവാദകൊടുങ്കാറ്റുയർത്തിയിരുന്നു. ടി.ജി നന്ദകുമാറിന്റെ ഇടപെടലാണ് അന്ന് റിലയൻസിന് ഡാറ്റ സെന്റർ കൈമാറാൻ വി എസ് സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് ആക്ഷേപമുയർന്നത്. ആക്ഷേപം വിജിലൻസും സിബി ഐ യും അന്വേഷിക്കുകയും ഡാറ്റ സെന്റർ അഴിമതിയിൽ വി എസ് കുറ്റക്കാരനല്ലെന്ന് സി ബി ഐ കണ്ടെത്തുകയും ചെയ്തിരുന്നു.
എനർജി, ലേബർ, മെഡിക്കൽ, എഡ്യൂക്കേഷൻ, ഐ.ടി, ടൂറിസം തുടങ്ങി വിവിധ ഗ്രിഡുകളെ അന്താരാഷ്ട്രതലത്തിൽ ബന്ധിപ്പിച്ച് പ്രവർത്തിക്കാനും അതിലൂടെ സംസ്ഥാനത്ത് തൊഴിൽ, വ്യവസായ അവസരങ്ങൾ ഒരുക്കുകയുമാണ് കേരളത്തിൽ റിലയൻസിന്റെ പുതിയ ഡാറ്റാ സെന്ററിന്റെ ലക്ഷ്യം.
പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണിത് സ്ഥാപിക്കുക. അതിനാവശ്യമായ സ്ഥലം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനസർക്കാർ നൽകും. റിലയൻസാണിത് നിർമ്മിക്കുക. രാജ്യത്ത് ആദ്യമായാണ് ഇത്തരം കേന്ദ്രം വരുന്നത്.
ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഒഇസിഡി) 2020 ഫെബ്രുവരിയിൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത് കാനഡ,ഫ്രാൻസ്,ഓസ്‌ട്രേലിയ, ജർമനി, നെതർലൻഡ്, ന്യൂസീലൻഡ്, ബ്രിട്ടൺ, യുഎസ് അടക്കം 38 അംഗരാജ്യങ്ങളായി വിദ്യാസമ്പന്നരായ 30ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ്.
മികച്ച വേതനത്തോടെ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ രാജ്യത്തിനു കഴിയുന്നില്ലെന്നതാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം. ബിരുദം പൂർത്തിയാക്കിയിറങ്ങുന്ന 5പേരിൽ ഒരാൾക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണിവിടെയുള്ളതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി 2021ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2018ലെ കണക്കു പ്രകാരം 13.2ശതമാനം അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് രാജ്യത്ത് തൊഴിലില്ല. 2017ൽ 12.7ശതമാനമായിരുന്നു തൊഴിൽരഹിതർ.കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ നിന്ന് ഏകദേശം 5 ലക്ഷം വിദ്യാർഥികളാണ് പഠന ആവശ്യത്തിനായി വിദേശ രാജ്യങ്ങളിലേക്ക് അപേക്ഷിച്ചിരുന്നത്.
കേരളത്തിലെ കണക്കെടുത്താൽ അത് ഒരു ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ വർഷം പോയതിലും അൻപത് ശതമാനം കൂടുതൽ ആളുകൾ ഈ വർഷം പുറത്തേക്കു പോകാൻ കേരളത്തിൽ തയാറാകുന്നു എന്നതാണ് പുതിയ കണക്ക്.
കോടിക്കണക്കിന് രൂപ ഫീസിനത്തിൽ പുറത്തേക്കൊഴുകുന്നു. സ്ഥിരതാമസം,വർക്ക്‌പെർമിറ്റ് എന്നിവ നൽകുന്ന രാജ്യങ്ങളിലേക്ക് കൂടുതൽ ഒഴുക്ക്. വിദേശത്തേക്കുള്ള ചെറുപ്പക്കാരുടെ കൊഴിഞ്ഞുപോക്ക് സാമ്പത്തികമായും വൈജ്ഞാനികമായും തിരിച്ചടിയാകാവുന്ന ‘മസ്തിഷ്‌ക ചോർച്ച’ ഉണ്ടാക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക.
അതേസമയം ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാൻ സംസ്ഥാനം നിയമ നിർമ്മാണത്തിന് ആലോചിക്കുന്നുണ്ട്.
നിയമ നിർമ്മാണം പഠിക്കാൻ ഡിജിറ്റൽ സർവകലാശാലാ വി.സി പ്രൊഫ സജി ഗോപിനാഥ് അധ്യക്ഷനായും,വിദ്യാർത്ഥി കുടിയേറ്റത്തെക്കുറിച്ച് പഠിക്കാൻ കണ്ണൂർ സർവകലാശാലാ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായും രണ്ട് സമിതികളേയും നിയമിച്ചു.
എന്നാൽ നിയമനിർമ്മാണം ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുക എന്ന അഭിപ്രായവുമുണ്ട്. എന്നാൽ പുതിയ ഡാറ്റാസെന്റർ വരുന്നതോടെ സംസ്ഥാനത്ത് തന്നെ മികച്ച തൊഴിൽ,വേതന ലഭ്യത എന്നിവ ഉറപ്പാക്കാൻകഴിയുമെന്നാണ് പ്രതീക്ഷ.