തിരുവനന്തപുരം: ജോലി സമ്മർദ്ദവും മാനസിക സമ്മർദ്ദവും താങ്ങാനാവാതെ പോലീസ് സേനയിലെ ആത്മഹത്യകൾ നാൾക്കുനാൾ കൂടിവരികയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 69 പൊലീസുദ്യോഗസ്ഥർ ആത്മഹത്യ ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. 2018നു ശേഷമുള്ള ആത്മഹത്യകളെക്കുറിച്ച് പോലീസ് വിവരം ശേഖരിച്ച് സൂക്ഷിച്ചിരുന്നില്ല. അടുത്തിടെ നിരവധി പോലീസുകാ‌ർ ആത്മഹത്യ ചെയ്തപ്പോഴാണ് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം കണക്കുകൾ ശേഖരിച്ചത്.
ഇക്കാലയളവിൽ പന്ത്രണ്ടു പേർ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുമുണ്ട്.  . 2019ജനുവരി മുതൽ കഴിഞ്ഞ സെപ്തംബർ വരെയാണ് 69 ആത്മഹത്യകൾ. ഇതിൽ 32 സിവിൽ പൊലീസ് ഓഫീസർമാർ, 16 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 8ഗ്രേഡ് എസ്.ഐമാർ, ഒരു ഇൻസ്പെക്ടർ എന്നിവരുണ്ട്. ഇക്കൊല്ലം സെപ്തംബർ വരെ 5പേർ ആത്മഹത്യാശ്രമം നടത്തി. 2021, 21 വർഷങ്ങളിൽ രണ്ടുവീതവും 2022ൽ മൂന്നും പൊലീസുകാർ ജീവനൊടുക്കാൻ ശ്രമിച്ചു. ആറു വീതം സി.പി.ഒമാരും സീനിയർ സി.പി.ഒമാരുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനസിക, ജോലി സമ്മർദ്ദമാണ് ഭൂരിഭാഗം സംഭവങ്ങളിലും കാരണങ്ങൾ.
കൂടുതൽ ആത്മഹത്യകളുണ്ടായത് 2020ലാണ്. 2019ൽ 18ഉം 2020ൽ 10ഉം 2021ൽ8ഉം 2022ൽ20ഉം 2023 സെപ്തംബ‌ർ വരെ 13ഉം പോലീസുകാർ ആത്മഹത്യ ചെയ്തു. പോലീസുകാരുടെ ആത്മഹത്യയ്ക്ക് കാരണങ്ങൾ പലതാണ്. കുടുംബപരമായ കാരണങ്ങളാൽ 30പേ‌ ജീവനൊടുക്കി. ആരോഗ്യപരം 5, മാനസികസമ്മർദ്ദം 20 , ജോലിയിലെ സമ്മർദ്ദം 7, സാമ്പത്തികം 5 എന്നിങ്ങനെ കാരണങ്ങളാലും ആത്മഹത്യകളുണ്ടായി. കാരണം കണ്ടെത്താനാവാത്ത 2 ആത്മഹത്യകളുമുണ്ട്.
അമിതജോലിഭാരവും കഠിനമായ ശകാരവും കാരണം മാനസിക സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കുകയും നാടുവിടുകയും ചെയ്യുന്ന പൊലീസുകാരുടെ എണ്ണം വർദ്ധിക്കുകയാണ്. പ്രതിവർഷം ജീവനൊടുക്കുന്നത് ശരാശരി 16പൊലീസുകാരെന്നാണ് കണക്ക്.  മേലുദ്യോഗസ്ഥർ അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചത് സഹിക്കാതെ കളമശേരി എ.ആർ.ക്യാമ്പിലെ സീനിയർ സി.പി.ഒ ജോബി ദാസും, മാളയിലെ സി.പി.ഒ ഷാഫിയും ജീവനൊടുക്കിയത് അടുത്തിടെയാണ്. 2016-19 കാലത്ത് 51പോലീസുകാരാണ് ജീവനൊടുക്കിയത്.
ആത്മഹത്യ കൂടിയതിനെത്തുടർന്ന് പൊലീസുകാരെ മാനസികമായി ശക്തരാക്കാൻ കൗൺസലിംഗും യോഗപരിശീലനവുമൊക്കെ നൽകിയിട്ടും രക്ഷയില്ല. സേനാംങ്ങളുടെ മാനസിക, കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ സൈക്കോളജിസ്റ്റുകളുൾപ്പെട്ട സമിതിയുമുണ്ടാക്കി. മാനസിക സംഘർഷമുള്ളവരെ കൗൺസലിംഗിന് അയയ്ക്കാനും ആ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കാനും ഡി.ജി.പി ഉത്തരവിട്ടിരുന്നു.
ഇതിനിടയിലും ദുഃഖകരമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്. ജോലിസമ്മർദ്ദത്തിനൊപ്പം കുടുംബപ്രശ്നങ്ങൾ കൂടിയുണ്ടാവുന്നതാണ് ആത്മഹത്യകൾക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തുടർച്ചയായ ഡ്യൂട്ടിയും വില്ലനാണ്. എട്ടു മണിക്കൂറാണ് ഡ്യൂട്ടിയെങ്കിലും 12-18 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്ന സ്റ്റേഷനുകളുണ്ട്. അമിതജോലിഭാരം കാരണം വയനാട്ടിലെ വനിതാ എസ്.എച്ച്. ഒ ഡ്യൂട്ടിക്കിടെ മുങ്ങിയ സംഭവമുണ്ടായിട്ടുണ്ട്.
അസി.കമ്മിഷണറുടെ ശകാരം കാരണം നാടുവിട്ട എറണാകുളം സെൻട്രൽ സി.ഐയായിരുന്ന നവാസിനെ കോയമ്പത്തൂരിൽ കണ്ടെത്തുകയായിരുന്നു. നവാസിപ്പോൾ ഡിവൈ.എസ്.പിയാണ്. മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ സേനാംഗങ്ങൾക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്ന ഡി.ജി.പിയുടെ നിർദ്ദേശവും ഫലംകണ്ടില്ല.
തുടർച്ചയായി ഡ്യൂട്ടി ചെയ്ത പൊലീസുകാർ കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവർ ലഘുവായ ഡ്യൂട്ടികൾ നേടിയെടുക്കുമ്പോൾ മറ്റുള്ളവർക്ക് ജോലിഭാരമേറും. പോലീസിലെ സ്ഥിതി ഇങ്ങനെയാണെങ്കിൽ കേന്ദ്ര സായുധ സേനകളിലെ സ്ഥിതി ഇതിലും ഭീകരമാണ്. 436 കേന്ദ്രസായുധ പൊലീസ് സേനാംഗങ്ങളാണ് 3വർഷത്തിനിടെ ജീവനൊടുക്കിയതെന്നാണ് കണക്ക്.

By admin

Leave a Reply

Your email address will not be published. Required fields are marked *