കണ്ണൂര്‍: വധശ്രമക്കേസിലെ പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പൊലീസ് സംഘത്തിനുനേരേ വെടിവെച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് സംഘം പ്രതി റോഷന്റെ പിതാവിനെ സാഹസികമായി കീഴ്പ്പെടുത്തി. കണ്ണൂർ ചിറക്കലില്‍ ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മന്‍ തോമസ് (71) ആണ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഓടിരക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായില്ല.
ചിറക്കല്‍ ചിറ പൂരക്കടവിന് സമീപത്തെ വീട്ടില്‍ രാത്രി 10 മണിയോടെയാണ് സംഭവം. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 6 പൊലീസുകാരാണ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയത്. വളപട്ടണം പൊലീസിനു നേരേയാണ് വെടിവെച്ചത്. ജനലഴികള്‍ക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് ബലപ്രയോഗത്തിലൂടെ റോഷന്റെ അച്ഛനെ റിവോള്‍വര്‍ സഹിതം അറസ്റ്റ് ചെയ്തത്.