കാഠ്മണ്ഡു: നേപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു. അതിശക്തമായ ഭൂകമ്പമാണ് നേപ്പാളിലെ രുക്കും ജില്ലയിലുണ്ടായത്. ഭൂചലനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും തകരുകയും നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കൂടുങ്ങി കിടക്കുകയാണെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
10 കിലോമീറ്റർ ആഴത്തിലാണ് റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും രാത്രി ശക്തമായ ഭ്രകമ്പനം അനുഭവപ്പെട്ടു. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലെല്ലാം ഭൂചലനമുണ്ടായതായി നാഷ്ണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം മൂന്നിനും നേപ്പാളിൽ മൂന്ന് തുടർചലനങ്ങൾ ഉണ്ടായിരുന്നു.