കുവൈത്ത്: നിയമ ലംഘനം നടത്തിയതിനെ തുടര്‍ന്ന് 12000 പ്രവാസികളെ കുവൈത്ത് ഭരണകൂടം നാടുകടത്തി. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കാണിത്. വിദേശികള്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ മാസത്തില്‍ മാത്രം 4300 പേരെ നാടുകടത്തിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ധാര്‍മിക മൂല്യങ്ങള്‍ ലംഘിക്കുക, താമസവുമായി ബന്ധപ്പെട്ട നിയമ ലംഘനം നടത്തുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് കൂടുതല്‍ പേരെയും നാടുകടത്തിയിരിക്കുന്നത്. കൂടാതെ ട്രാഫിക് നിയമ ലംഘനത്തിന് പിടിയിലായവര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്താന്‍ വിപുലമായ പരിപാടികളാണ് അധികൃതര്‍ നടപ്പാക്കി വരുന്നത്.
കൂടാതെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ രാജ്യവ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്തി നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശോധന. മാത്രമല്ല, പിടികിട്ടാ പുള്ളികളെയും തൊഴിലിടങ്ങളില്‍ നിന്ന് ചാടിപ്പോയവരെയും കണ്ടെത്തുക ഈ പരിശോധനയുടെ ലക്ഷ്യമാണ്.
നാടുകടത്തി കഴിഞ്ഞാല്‍ ഇവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് വരാന്‍ പറ്റില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യാപകമായ പരിശോധന തുടരുന്നത്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ 7685 പ്രവാസികളെയാണ് നാടുകടത്തിയത്. ഒക്ടോബര്‍ മാസത്തെ കണക്കു കൂടി ചേര്‍ക്കുമ്പോള്‍ എണ്ണം 12000 ആയി ഉയരും.

By admin

Leave a Reply

Your email address will not be published. Required fields are marked *