എഴുത്തുകാരൻ ജോയ് ഡാനിയേലിന്റെ പതിനൊന്ന് കഥകളുടെ സമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം നടന്നു. ജേക്കബ് എബ്രഹാം മോഹൻ കർത്തായിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. പ്രസ്‌തുത ചടങ്ങിൽ യു.എ.ഇ യിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ഒട്ടേറെ വായനക്കാരും എഴുത്തുകാരും പങ്കെടുത്തു. യു.എ.ഇ-യിലെ മഷി സാഹിത്യകൂട്ടായ്മയുടെ ഒട്ടേറെ അംഗങ്ങൾ പ്രകാശനകർമ്മത്തിൽ പങ്കെടുക്കുകയുണ്ടായി.
നാടിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന അമ്മിണിപ്പിലാവ് ഉൾപ്പെടെ വ്യത്യസ്ഥങ്ങളായ കഥകളാണ് പുസ്തകത്തിലെന്ന് ജോയ് ഡാനിയേൽ പറഞ്ഞു. 1995 മുതൽ ആനുകാലികങ്ങളിൽ എഴുതുവാൻ ആരംഭിച്ചെങ്കിലും കഥകൾ കൂട്ടിച്ചേർത്ത് പുസ്തകമാക്കുവാൻ ധൈര്യം ലഭിച്ചത് ഇപ്പോളാണ്.
വായനക്കാർ എപ്രകാരം സ്വീകരിക്കും എന്നത് എഴുത്തുകാരനെ സംബന്ധിച്ച് ഭീതി ഉളവാക്കുന്ന ഒന്നാണ്. അടുത്തകാലത്ത് ലഭിച്ച പുരസ്‌കാരങ്ങൾ അംഗീകരമായി കാണുകയും അതിൽനിന്നും കഥകൾ പുസ്തകമാക്കുവാൻ ധൈര്യം ലഭിക്കുകയുമായിരുന്നു എന്നും ജോയ് ഡാനിയേൽ പറഞ്ഞു.
ചടങ്ങിൽ ജേക്കബ് എബ്രഹാം, മോഹൻ കർത്ത, ലേഖ ജസ്റ്റിൻ, സജ്‌ന പണിക്കർ, അനുജ സനൂപ് എന്നിവർ സംസാരിച്ചു. എഴുത്തുകാരായ വെള്ളിയോടൻ, പ്രവീൺ പാലക്കീൽ, സാദിഖ് കാവിൽ തുടങ്ങയവരും പരിപാടിയിൽ പങ്കെടുത്തു.
കൈരളി ബുക്‌സാണ് ‘അമ്മിണിപ്പിലാവ്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷാർജ പുസ്തകമേളയിലെ കൈരളി ബുക്‌സിന്റെ സ്റ്റാളിൽ നിന്നും പുസ്തകം ലഭിക്കുമെന്ന് കൈരളി ബുക്‌സിന്റെ അമരക്കാരൻ അശോക് കുമാർ അറിയിച്ചു.