തിരുവനന്തപുരം : മലയാളത്തിലെ ഒരു സിനിമയും നൂറു കോടി രൂപ നേടിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍. നൂറു കോടിയെന്നു പറഞ്ഞ് പലരും പുറത്തുവിടുന്നത് ഗ്രോസ് കളക്ഷനാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു പടം വിജയിച്ചാല്‍ ഇന്ന് കോടികള്‍ കൂട്ടുകയാണ് ആളുകള്‍. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. അതില്‍ ചില കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ നേടിയിട്ടില്ല, കളക്ട് ചെയ്തുവെന്ന് അവര്‍ പറയുന്നത് ഗ്രോസ് കളക്ഷന്റെ കാര്യമാണ്’, സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ സിനിമാ നിരൂപണങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്നില്ല. പക്ഷെ വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളോട് എതിര്‍പ്പാണ് ഉള്ളത്. പല അവസരങ്ങളിലും നിരൂപണത്തിന്റെ പരിധി വിട്ട് വ്യക്തിഹത്യയിലേക്കു പോകുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പു തിയേറ്ററില്‍ നിന്ന് മാത്രം കിട്ടിക്കൊണ്ടിരുന്ന വരുമാനത്തില്‍ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇന്ന് ഒടിടി വന്നതോടെ പല മുന്‍നിര താരങ്ങളും സ്വന്തമായി സിനിമ നിര്‍മിക്കാന്‍ തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കില്‍ ആളുകള്‍ വീണ്ടും തീയറ്ററിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവരും പരിപാടില്‍ പങ്കെടുത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *