മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതില്‍ നിന്നും, അറസ്റ്റ് നടത്തുന്നതില്‍ നിന്നും ദുബായിലുള്ളവരുമായി നടത്തിയ എന്ത് കരാറാണ് പ്രധാനമന്ത്രിയ്ക്ക് തടസമെന്നായിരുന്നു ഭൂപേഷ് ബാഗേലിന്റെ മറുചോദ്യം.
‘പ്രധാനമന്ത്രി മോദി ചോദിക്കുന്നു, ഞങ്ങള്‍ക്ക് ദുബായിലുള്ളവരുമായി എന്താണ് ബന്ധം? എനിക്ക് അദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹമുണ്ട്, ദുബായിലുള്ളവരുമായി നിങ്ങള്‍ക്ക് എന്താണ് ബന്ധം? ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്? അറസ്റ്റ് ചെയ്യേണ്ടത് ഇന്ത്യന്‍ സര്‍ക്കാരിന്റെ കടമയാണ്” ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ബാഗേല്‍ പറഞ്ഞു.
ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃത വാതുവെപ്പ് നടത്തിപ്പുകാര്‍ നല്‍കിയ ഹവാല പണം കോണ്‍ഗ്രസ് ഉപയോഗിക്കുന്നതായി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല, മഹാദേവന്റെ പേര് പോലും അവര്‍ വിട്ടുകളഞ്ഞില്ല.’ മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ ഏകദേശം 508 കോടി രൂപ ബാഗേലിന് നല്‍കിയെന്ന ഇഡി അവകാശവാദങ്ങള്‍ പരാമര്‍ശിച്ച് കൊണ്ട് മോദി പറഞ്ഞു.
ഈ ആരോപണങ്ങളോട് പ്രതികരിക്കവെ, മഹാദേവ് ആപ്പ് അടച്ചുപൂട്ടുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ ബാഗേല്‍ ചോദ്യം ചെയ്തു. ”എന്തുകൊണ്ടാണ് മഹാദേവ് ആപ്പ് അടച്ചുപൂട്ടാത്തത്? ആപ്പ് അടച്ചുപൂട്ടുക എന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ കടമയാണ്. എനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കണം, എന്താണ് അവരുമായി നിങ്ങളുടെ ഇടപാട്?… ഒരു ഇടപാടും ഇല്ലെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ആപ്പ് അടച്ചുപൂട്ടാത്തത്?’ ബാഗേല്‍ ചോദിച്ചു.
ഇഡി, ആദായനികുതി വകുപ്പുകളെ ഉപയോഗിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബാഗേല്‍ ആരോപിച്ചു. ‘ഇവര്‍ക്ക് നേരിട്ട് പോരാടാന്‍ കഴിയില്ല, അതുകൊണ്ടാണ് ഇഡി, ആദായനികുതി വകുപ്പ് എന്നിവയിലൂടെ അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്’ ബാഗേല്‍ ആരോപിച്ചു.
‘അദ്ദേഹം ഒരു അന്വേഷണവും നടത്താതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇഡിയും ആദായ നികുതി വകുപ്പും ഇവിടെ കറങ്ങുകയാണ്. ഇത് നിങ്ങളുടെ വിലയില്ലായ്മയാണ് കാണിക്കുന്നത്…’ ബാഗേല്‍ കൂട്ടിച്ചേര്‍ത്തു. ഭൂപേഷ് ബാഗേല്‍ യുഎഇ ആസ്ഥാനമായുള്ള മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടര്‍മാരില്‍ നിന്ന് 508 കോടി രൂപ കൈപ്പറ്റിയതായി ഇഡി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.