ഹൈദരാബാദ് : തെലങ്കാന തെരഞ്ഞെടുപ്പിൽ വൈഎസ്ആർ തെലങ്കാന പാർട്ടി മത്സരിക്കില്ലെന്ന് വ്യക്തമാക്കി പാർട്ടി അദ്ധ്യക്ഷ വൈ എസ് ശർമിള. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കും എന്നും ശർമിള അറിയിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയാണ് വൈ എസ് ശർമിള.
തെരഞ്ഞെടുപ്പിൽ വോട്ടുകൾ ഭിന്നിക്കപ്പെടാതിരിക്കാനാണ് കോൺഗ്രസിനെ പിന്തുണ നൽകുന്നത് എന്നാണ് ശർമിള വ്യക്തമാക്കിയത്. തെലങ്കാന തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. വൈഎസ്ആർ തെലങ്കാന പാർട്ടി മത്സര രംഗത്ത് ഉണ്ടായാൽ വോട്ടുകൾ ഭിന്നിക്കപ്പെടും. അത് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഗുണം ചെയ്യുന്നതായിരിക്കും. അതിനാലാണ് മത്സരിക്കേണ്ട എന്നും കോൺഗ്രസിന് പിന്തുണ നൽകാമെന്നും തീരുമാനിച്ചത്” എന്നും പാർട്ടി അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.
“തെലങ്കാന രൂപവൽക്കരിക്കപ്പെട്ടപ്പോൾ വലിയ സമ്പത്തുള്ള സംസ്ഥാനമായിരുന്നു. എന്നാൽ ഇപ്പോൾ അതേ സംസ്ഥാനം കടക്കണിയിലാണ് ഉള്ളത്. കെസിആറിന്റെ ദുർഭരണത്തിൽ ജനങ്ങൾ മടുത്തു കഴിഞ്ഞു. ഈ ക്രൂരമായ ദുർഭരണത്തെ താഴെയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ തെലങ്കാന ജനത. ആ താൽപര്യം സംരക്ഷിക്കപ്പെടാനാണ് ഇപ്പോൾ പാർട്ടി ഇത്തരത്തിൽ ഒരു നിർണായക തീരുമാനം എടുക്കുന്നത്” എന്നും വൈ എസ് ശർമിള വ്യക്തമാക്കി.