അവസാനം ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകളിന്മേല്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഗവര്‍ണര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു, നിയമസഭയെ പ്രതിനിധീകരിച്ച് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ മാത്രമേ നിയമമാവുകയുള്ളു. ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണര്‍ എന്ന പദവിയ്ക്ക് ഭരണത്തിലുള്ള അധികാരം വളരെ പരിമിതമാണ്. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്കാണ് അധികാരവും ഭരണ നേതൃത്വവും. ഇതിന്‍റെ ഭാഗമായാണ് കാലാകാലങ്ങളില്‍ നിയമസഭ ബില്ലുകള്‍ പാസാക്കുന്നത്.

ഭൂരിപക്ഷ തീരുമാനപ്രകാരമാണ് ഈ ബില്ലുകള്‍ പാസാവുക. ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ അത് നിയമമാവുകയും ചെയ്യും. ഇങ്ങനെ കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതെ പിടിച്ചുവെച്ചിരിക്കുന്നത്. 
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒരു ഗവര്‍ണര്‍ക്ക് ഇങ്ങനെ പിടിച്ചു വെയ്ക്കാന്‍ അധികാരമുണ്ടോ എന്നതാണ് സുപ്രീം കോടതി മുമ്പാകെ കേരളത്തിന്‍റെ ഹര്‍ജി ഉന്നയിക്കുന്ന ചോദ്യം. ഇതൊരു ഭരണഘടനാ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഈ ഹര്‍ജി സുപ്രീം കോടതിക്കു മാത്രമേ പരിഗണിക്കാനാവൂ.
സാധാരണ ഗതിക്ക് നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു മടക്കുകയാണു പതിവ്. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമന വിഷയം മുതല്‍ പല കാര്യങ്ങളിലും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരുമായി അകല്‍ച്ചയിലായി. ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ മാറ്റണമെന്നു നിര്‍ദേശിക്കുന്ന ഒരു ബില്ലും തടഞ്ഞുവെച്ച ബില്ലുകളിലുണ്ട്. ഈ ബില്‍ ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാനെ ഏറെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.
12 മാസമായി തടഞ്ഞുവെച്ചിരിക്കുന്ന ബില്ലാണ് കേരള ലോകായുക്താ ഭേദഗതി ബില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ചില വ്യക്തികള്‍ക്കു ധനസഹായം നല്‍കിയ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ പരാതി വന്നതിനേ തുടര്‍ന്നാണ് ലോകായുക്താ നിയമം ഭേദഗതി ചെയ്യാനുള്ള നിക്കം സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായത്.
ഭേദഗതി നിയമത്തെ സഭയില്‍ കോണ്‍ഗ്രസും പ്രതിപക്ഷവും ശക്തമായി എതിര്‍ത്തിരുന്നു. സ്വാഭാവികമായും ഗവര്‍ണര്‍ ഈ ബില്‍ തടഞ്ഞുവെച്ചിരിക്കുന്നതിനെ കോണ്‍ഗ്രസും അനുകൂലിക്കുന്നുണ്ട്. 

പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ വഴി ഭരണം സ്തംഭിപ്പിക്കുന്നു എന്ന വിഷയമാകും സുപ്രീം കോടതി മുമ്പാകെ ചര്‍ച്ചാ വിഷയമാവുക. ബില്ലുകള്‍ തടഞ്ഞു വെയ്ക്കുന്ന ഗവര്‍ണറുടെ നടപടിയ്ക്കെതിരെ തമിഴ്‌നാടും പഞ്ചാബും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ പെരുമാറ്റം പ്രതിപക്ഷത്തു നില്‍ക്കുന്ന ഒരു രാഷ്ട്രീയക്കാരനെപ്പോലെയാണെന്നാണ് ആ സംസ്ഥാന സര്‍ക്കാരിന്‍റെ വാദം.

തെലങ്കാനാ സര്‍ക്കാരും സമാനമായ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തമിഴ് ഇസൈ സൗന്ദര്‍ രാജനെ കോടതി വിമര്‍ശിച്ചിരുന്നു. പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ പരാതിപ്രകാരം ഗവര്‍ണര്‍ സി.വി ആനന്ദബോസിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. 
ഗവര്‍ണര്‍ ഖാന്‍ ഭരണഘടനയുടെ 200 -ാം അനുഛേദപ്രകാരം നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേല്‍ ‘ഉടന്‍’ തീരുമാനമെടുക്കണമെന്ന നിര്‍ദ്ദേശമാണു ഈ കേസുകളിലൊക്കെയും കോടതി നല്‍കിയത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അനിശ്ചിതമായി നീട്ടാനാവില്ലെന്ന കാര്യം ഭരണഘടനയുടെ ബാലപാഠം പഠിച്ചിട്ടുള്ളവര്‍ക്കുപോലും അറിവുള്ള കാര്യമാണെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. കാളീശ്വരം രാജ് അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണര്‍ക്ക് പരിമിതമായ അധികാരങ്ങളേയുള്ളുവെന്ന കാര്യമാണ് ഇവിടെ പ്രസക്തമാകുന്നത്. നിയമസഭയിലേയ്ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. നിയമസഭ ജനങ്ങളുടേതാണ്. ജനപ്രതിനിധികളുടേതാണ്. നിയമസഭ ബില്ലുകള്‍ പാസാക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയാണ്. ഈ ബില്ലുകള്‍ തടഞ്ഞു വെയ്ക്കാന്‍ ഗവര്‍ണര്‍ക്കെന്തധികാരം എന്ന ചോദ്യം തന്നെയാകും സുപ്രീം കോടതി പരിഗണിക്കേണ്ടി വരിക. ഇനി സുപ്രീം കോടതി തീരുമാനിക്കട്ടെ. 

By admin

Leave a Reply

Your email address will not be published. Required fields are marked *