മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലെത്തുന്ന സുരേഷ് ഗോപി, ഒപ്പം ബിജു മേനോനും. പ്രഖ്യാപനം മുതൽക്കേ വൻ പ്രതീക്ഷയോടെയെത്തിയ ത്രില്ലർ ചിത്രമായിരുന്നു നവാഗതനായ അരുൺ വർമ സംവിധാനം ചെയ്ത ’ഗരുഡൻ’. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും വെെകാരിക രംഗങ്ങളാലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഇൻവസ്റ്റിഗേറ്റീവ് സ്റ്റോറിയെന്ന് ഒറ്റവാചകത്തിൽ ഗരുഡനെ വിശേഷിപ്പിക്കാം.
കൊച്ചി നഗരത്തിൽ നടക്കുന്ന ഒരു പ്രമാദമായ കുറ്റകൃത്യത്തിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. കേസന്വേഷിക്കാനെത്തുന്ന ഡി.സി.പി ഹരീഷ് മാധവനായിട്ടാണ് ചിത്രത്തിൽ സുരേഷ് ഗോപിയെത്തുന്നത്. തുടർന്ന് നടക്കുന്ന അന്വേഷണത്തിലൂന്നിയാണ് ചിത്രം പുരോഗമിക്കുന്നത്. വെെകാതെ മറ്റൊരു ട്രാക്കിലേയ്ക്ക് കടക്കുന്നതോടെ ചിത്രം കൂടുതൽ ഉദ്വേഗജനകമാകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ത്രില്ലടിപ്പിക്കുന്ന പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ.
ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ബിജു മേനോൻ എത്തുന്നത്. കോളേജ് പ്രഫസറായ നിശാന്ത് എന്ന കഥാപാത്രം ബിജു മേനോന്റെ കരിയറിലെ വ്യത്യസ്ത വേഷപ്പകർച്ച കൂടിയാണ്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒതുങ്ങാതെ നിയമപോരാട്ടങ്ങളിലൂടെയും സഞ്ചരിക്കുന്ന അവതരണരീതിയാണ് ചിത്രത്തിന്റേത്. ഇമോഷണൽ രംഗങ്ങളും പ്രേക്ഷകന് കണക്ടാകുന്ന തരത്തിൽ ഒരുക്കാൻ സാധിച്ചിട്ടുണ്ട്.
വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഭിരാമി നായികയായെത്തുന്ന ഗരുഡനിൽ സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലെെവാസൽ വിജയ്, നിശാന്ത് സാഗർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സമീപകാലത്തായി വ്യത്യസ്തമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ജഗദീഷ് ഗരുഡനിലും മികച്ച പ്രകടനം തുടരുകയാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. പ്രതീക്ഷയ്ക്കും മുകളിൽ പറന്നുയരാൻ ഈ ഗരുഡന് സാധിച്ചിട്ടുണ്ട്. ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് തിയേറ്ററുകളിൽ നിന്ന് തന്നെ ആസ്വദിക്കാവുന്ന ചിത്രമാണ് ഗരുഡൻ.